ദേവഗൗഡയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും എതിരില്ലാതെ രാജ്യസഭയിലേക്ക്

ബെംഗളൂരു: കർണാടകത്തിൽ മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയും മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയും അടക്കം നാലുപേർ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ രാജ്യസഭാ സ്ഥാനാർഥികളായ അശോക് ഗസ്തിയും ഹിരന്ന കടാഡിയും തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.

ഖാർഗെ ആദ്യമായാണ് രാജ്യസഭാംഗമാകുന്നത്. ജെഡിഎസ് ദേശീയ അധ്യക്ഷനായ ദേവെഗൗഡ 1996 ൽ രാജ്യസഭാംഗം ആയിരുന്നു. ഇത്തവണ കോൺഗ്രസ് പിന്തുണയോടെയാണ് രാജ്യസഭയിലേക്കു കുറി വീണത്. ഖാർഗെ കൽബുർഗിയിൽ നിന്നും ദേവഗൗഡ തുംകൂർ മണ്ഡലത്തിൽ നിന്നും കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികളോട് പരാജയപ്പെട്ടിരുന്നു.
രാജ്യസഭയിലേക്ക് ഒഴിവുവന്ന സീറ്റുകളിലേക്ക് നാലുപേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ 19ന് നടക്കേണ്ട വോട്ടെടുപ്പ് ഒഴിവായി.