ബംഗ്ലൂരു: പൊറോട്ടയ്ക്കിനി പൊന്നു വില കൊടുക്കേണ്ടി വരും. റൊട്ടി വിഭവങ്ങളില്‍ പൊറോട്ട പെടില്ല. അതിന് 18 ശതമാനം ജി.എസ്.ടി നല്‍കണമെന്നുമാണ് കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്‍വാന്‍സ് റൂളിംഗ് (എ.എ.ആര്‍) വിധിച്ചത്. ജിഎസ്ടിയുമായി ബന്ധപ്പെട്ട അതോറിറ്റി ഓഫ് അഡ്വാൻസ് റൂളിങ്സ് (കർണാടക ബെഞ്ച്) ആണ് റൊട്ടിയേയും പൊറോട്ടയേയും വേർതിരിച്ചു കാണണമെന്നു പറഞ്ഞത്.
ഐഡി ഫ്രഷ് ഫുഡ്, വൈറ്റ്ഫീല്‍ഡ് തുടങ്ങിയ ഭക്ഷ്യ നിര്‍മ്മാണ കമ്പനികള്‍ പൊറോട്ടയെ റൊട്ടി വിഭവങ്ങളില്‍ പെടുത്തണമെന്ന് അഭ്യര്‍ഥിച്ച് സമീപിച്ചപ്പോഴാണ് എ.എ.ആറിന്റെ വിധി. പൊറാട്ടയുമായി താരതമ്യം ചെയ്യുമ്പോള്‍ റൊട്ടിക്ക് 5 ശതമാനം മാത്രമാണ് ജി.എസ്.ടി.
പ്ലെയിൻ ചപ്പാത്തി / റൊട്ടി എന്നിവയുടെ ഒപ്പം പൊറോട്ടയെയും ഉൾപ്പെടുത്തണം എന്നായിരുന്നു കമ്പനിയുടെ ആവശ്യം. കുറഞ്ഞ നിരക്കായ 5 ശതമാനമാണു റൊട്ടിയുടെ ജിഎസ്ടി. എന്നാൽ ആവശ്യം നിരാകരിച്ച അതോറിറ്റി ഓഫ് അഡ്വാൻസ് റൂളിങ്സ് (എആർആർ), പൊറോട്ടയെ 18 ശതമാനത്തിന്റെ സ്ലാബിലേക്കു മാറ്റി. നികുതി സ്ലാബ് മാറ്റുന്നതോടെ പായ്ക്കറ്റ് പൊറോട്ടയ്ക്ക് വില കൂടിയേക്കാം.
‘റൊട്ടി’ പൊതുനാമം ആണെന്നും ഇന്ത്യയിലെ വിവിധ ഭക്ഷണങ്ങൾ ഇതിൽ വരുമെന്നുമുള്ള അഭിപ്രായത്തോട് എആർആർ യോജിച്ചില്ല. റൊട്ടി എന്നത് നേരത്തെ തയാറാക്കിയതോ പൂർണമായതോ ആയ ഭക്ഷണമാണ്. എന്നാൽ പായ്ക്കറ്റിലുള്ള പൊറോട്ട ഉപയോഗിക്കുന്നതിനു മുമ്പ് വീണ്ടും ചൂടാക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിൽ റൊട്ടിയുടെ വകഭേദത്തിൽ പൊറോട്ടയെ ഉൾപ്പെടുത്താനാവില്ലെന്നാണു എആർആറിന്റെ കണ്ടെത്തൽ.
അന്യായമായ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഭക്ഷണത്തിനുമേലുള്ള ഇത്തരം വിവേചനം നീതീകരിക്കാനാകില്ലെന്ന് നിരവധിപേർ പ്രതികരിച്ചു. #HandsOffPorotta എന്ന ഹാഷ്‌ടാഗിൽ മലയാളികളുൾപ്പെടെ പ്രതിഷേധത്തിൽ മുന്നിലുണ്ട്.