ഐടി കമ്പനി ജീവനക്കാരെ സഹായിക്കാൻ വർക്ക് നിയർ ഹോം സംവിധാനം ഏർപ്പെടുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഐടി കമ്പനി ജീവനക്കാരെ സഹായിക്കാൻ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ. വർക്ക് ഫ്രം ഹോം രീതീയിൽ ജോലി ചെയ്യുമ്പോൾ സാങ്കേതിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ജീവനക്കാർക്കായി വർക്ക് നിയർ ഹോം സംവിധാനം ഏർപ്പെടുത്താൻ സർക്കാർ സന്നദ്ധമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. ഐടി കമ്പനികളുമായി ചേർന്നാവും ഇത് നടപ്പാക്കുക. കമ്പനികൾക്കും ജീവനക്കാർക്കും ഇത് ​ഗുണകരമാണ്. ഇതിനു പകരമായി കമ്പനികൾ ജീവനക്കാരെ സർക്കാരിന്റെ നൈപുണ്യ വികസന പരിപാടികളിൽ ഭാ​ഗമാകാൻ അനുവദിക്കണം. പിന്നീട് അവരെ പുതിയ പ്രൊജക്ടുകളിൽ ഉൾപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന പല ഐടി ജീവനക്കാർക്കും നെറ്റ് കണക്ഷൻ, വൈദ്യുതി ബന്ധം തുടങ്ങിയവ സംബന്ധിച്ച് പല പ്രശ്നങ്ങളും നേരിടുന്നുണ്ട്. ഇതിനു പകരമായി വർക്ക് ഷെയറിം​ഗ് ബെഞ്ച് രൂപീകരിക്കാമെന്നാണ് സർക്കാർ മുന്നോട്ട് വെക്കുന്ന ആശയം. വീടും ഓഫീസും തമ്മിൽ വളരെയധികം ദൂരമുള്ള ജീവനക്കാർക്ക് ഇത്തരം വർക്ക് നിയർ ഹോം ബെഞ്ചിന്റെ ഭാ​ഗമാകാം. വീടിനടുത്തെവിടെങ്കിലുമായി പൊതു ഇടം കണ്ടെത്തി അവിടെയായിരിക്കും ഇങ്ങനെയുള്ള ജീവനക്കാർക്ക് ജോലി സൗകര്യം ഏർപ്പെടുത്തുക. ഒരേ പ്രദേശത്തു നിന്ന് ഒരേ കമ്പനിയിൽ ജോലി ചെയ്യുന്ന ജീവനക്കാരെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കൊറോണ വിവിധ മേഖലകളെ ബാധിച്ചു. ഐടി സെക്ടറിന് വലിയ തിരിച്ചടിയുണ്ടായി. ഈ സാമ്പത്തിക വർഷത്തിന്റെ മൂന്ന് മാസങ്ങളിൽ 4500 കോടിയുടെ നഷ്ടം ഉണ്ടായി. 26000 നേരിട്ടുള്ള തൊഴിലും 80000 പരോക്ഷ തൊഴിലും നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

സോഫ്റ്റ്‌വെയർ കയറ്റുമതിയെ ആശ്രയിക്കുന്ന പല സംരംഭങ്ങളും പ്രതിസന്ധിയിലാണ്. ഐടി വ്യവസായത്തെ രക്ഷിക്കാൻ പുതിയ ലോകസാഹചര്യത്തിനൊത്ത് പോകണം. പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കാൻ കെ ഫോൺ പദ്ധതി തുടങ്ങാനുള്ള ഇടപെടൽ ഐടി സെക്ടറിനെ മെച്ചപ്പെടുത്താനുള്ളത്. ഡിസംബറിൽ പൂർത്തിയാകും. ഈ പദ്ധതി വിപുലമായ രീതിയിലുള്ളത് കേരളത്തിൽ മാത്രം. സംരംഭങ്ങളെ കരകയറ്റലും തൊഴിൽ സുരക്ഷയും നോക്കേണ്ടതുണ്ട്. തൊഴിൽ നഷ്ടമാകരുത്. എന്നാൽ കമ്പനികൾക്ക് അധിക ഭാരം ഉണ്ടാകാനും പാടില്ല. ഇതിനനുസരിച്ച് ചില നടപടികൾ സ്വീകരിക്കും.

ഐടി കമ്പനികൾ പ്രവർത്തിക്കുന്ന തറവിസ്തൃതി 25000 ചതുരശ്ര അടിയുള്ള കമ്പനികൾക്ക് പതിനായിരം അടിക്ക് ആദ്യമൂന്ന് മാസം വാടകയില്ല. വാർഷിക വാടക വർധന ഒഴിവാക്കും. സർക്കാരിന് വേണ്ടി ചെയ്ത ഐടി പ്രൊജക്ടുകളിൽ പണം കിട്ടാനുണ്ടെങ്കിൽ അവ പരിശോധിച്ച് ഉടൻ പണം അനുവദിക്കും.

പ്രവർത്തന മൂലധനം ഇല്ലാതെ വിഷമിക്കുന്നവർക്ക് കൂടുതൽ വായ്പ ലഭ്യമാക്കാൻ ബാങ്കുകളോട് ചർച്ച ചെയ്യും. സംസ്ഥാന ഐടി പാർക്കിലെ 80 ശതമാനം കമ്പനികൾക്കും നിലവിലെ വായ്പയുടെ 20 ശതമാനം കൂടി ഈടില്ലാതെ ലഭിക്കും. പലിശ നിരക്ക് നിലവിലുള്ളതായിരിക്കും. ഈ ആനുകൂല്യം പരമാവധി ലഭ്യമാക്കാൻ ബാങ്കുകളോട് ചർച്ച നടത്തും. കേരളത്തിലെ ഐടി കമ്പനികൾക്ക് സർക്കാർ പദ്ധതികൾക്ക് പ്രത്യേക പരിഗണന നൽകും. സർക്കാരിന്റെ ഭാഗത്ത് നിന്ന് പിന്തുണ നൽകുമ്പോൾ ഐടി കമ്പനികൾ തൊഴിലാളികളുടെ ജോലി സുരക്ഷ ഉറപ്പാക്കണം.

സർക്കാർ നിർദ്ദേശിച്ച എല്ലാ കൊറോണ നിബന്ധനകളും ഓഫീസുകളിൽ ജീവനക്കാർ പാലിക്കണം. പരമാവധി പേരെ വർക്ക് ഫ്രം ഹോം രീതിയിൽ തുടരാൻ ഐടി കമ്പനികൾ അനുവദിക്കണം. ഒട്ടേറെ കമ്പനികൾ ഇങ്ങിനെ പ്രവർത്തിക്കുന്നുണ്ട്. അതിന് സൗകര്യമുള്ളപ്പോൾ തന്നെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. സാങ്കേതിക പ്രശ്നം സ്വയം പരിഹരിക്കേണ്ടത് അനിശ്ചിതത്വം ഉണ്ടാക്കുന്നുണ്ട്. ഉൽപ്പാദനക്ഷമതയെ ഇത് ബാധിക്കുന്നുണ്ട്. വർക്ക് ഫ്രം ഹോം അല്ലാതെ വർക്ക് നിയർ ഹോം ആരംഭിക്കാൻ സർക്കാർ സന്നദ്ധമാകും. നിലവിലെ ജീവനക്കാരുടെ പ്രവർത്തന നൈപുണ്യം മതിയാകാതെ വരികയാണെങ്കിൽ അത്തരക്കാരെ വർക്ക് ഷെയറിങ് ബെഞ്ചിലേക്ക് മാറ്റുക. അവരുടെ വിവരം സർക്കാർ നിശ്ചയിക്കുന്ന നോഡൽ ഓഫീസർക്ക് നൽകണം. ഇവർക്ക് സർക്കാർ നൽകുന്ന നൈപുണ്യ വികസന പരിപാടികളിൽ പങ്കെടുക്കാൻ അനുവദിക്കണം. പിന്നീട് അവരെ പുതിയ പ്രൊജക്ടുകളിൽ ഉൾപ്പെടുത്തണം. വർക്ക് ഷെയർ ബെഞ്ചിലുള്ളവർക്ക് സർക്കാർ പദ്ധതികളിൽ ഭാഗമാകാൻ അനുവദിക്കണം.

ഏത് മേഖലയിലും കേരളത്തിന് കൂടുതൽ അവസരം ലഭിക്കും. ഐടി അനുബന്ധ വ്യവസായങ്ങൾക്ക് സാധ്യത കൂടുതലാണ്. ആരോഗ്യപരിപാലനം വിദ്യാഭ്യാസം നിർമ്മാണം തുടങ്ങിയ മേഖലകളിലാണ് കേരളത്തിന് വലിയ സാധ്യതയുള്ളതായി കേരളം കാണുന്നത്. ഇതിന് വേണ്ട പ്രവർത്തനം കേരളം തുടങ്ങി. സിഐഐ, ഫിക്കി തുടങ്ങിയവരുമായി നേരത്തെ ചർച്ച നടത്തി. വിദേശനിക്ഷേപം ആകർഷിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കേരളത്തിലെ കുട്ടികൾക്ക് കേരളത്തിൽ തന്നെ ഉന്നത വിദ്യാഭ്യാസത്തിന് അവസരം ഉണ്ടാകണം. ഉന്നത വിദ്യഭ്യാസ രംഗം പുനസംഘടിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നു.