ബെംഗളൂരു: മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വീനുള്ള കയറ്റുമതി നിരോധനം കേന്ദ്രസർക്കാർ പിൻവലിച്ചു. ഹൈഡ്രോക്സിക്ലോറോക്വീന്‍ മരുന്നുകൾ കയറ്റുമതി ചെയ്യുന്നതിൽ മുൻനിരയിലാണ് ഇന്ത്യ. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാര്‍ച്ചോടെയാണു മരുന്ന് കയറ്റുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചത്. എന്നാൽ ഏപ്രിലിൽ ചില ഇളവുകൾ വരുത്തിയ ഇന്ത്യ 50 മില്യന്‍ ഗുളികകൾ യുഎസിലേക്ക് അയച്ചിരുന്നു.
കേന്ദ്രമന്ത്രി ഡി.വി.സദാനന്ദഗൗഡ ട്വിറ്ററിലാണ് മരുന്നിനുള്ള കയറ്റുമതി നിരോധനം പിൻവലിച്ചതായി അറിയിച്ചത്. കയറ്റുമതി നിയന്ത്രണം നീക്കുന്നതിന് ഫാർമസ്യൂട്ടിക്കൽ ഡിപ്പാർട്ട്മെന്റ് അനുമതി നൽകുന്നതായി സദാനന്ദ ഗൗഡ ട്വിറ്ററിൽ അറിയിച്ചു. പ്രധാനമായും കയറ്റുമതിക്കായി മരുന്ന് നിർമിക്കാത്ത കമ്പനികളും സ്പെഷൽ ഇക്കണോമിക് സോണുകളിൽനിന്നുള്ളവരും ഉണ്ടാക്കുന്ന 20 ശതമാനം മരുന്നും ആഭ്യന്തര വിപണിയിൽതന്നെ വിൽക്കണമെന്നും മന്ത്രി പറഞ്ഞു.
കൊറോണ വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ യുഎസ് ഇന്ത്യയോട് ആവശ്യപ്പെട്ടതും ഹൈഡ്രോക്സിക്ലോറോക്വീൻ നൽകണമെന്നതായിരുന്നു. ഹൈഡ്രോക്സിക്ലോറോക്വീന് കൊറോണ പോരാട്ടത്തിൽ നിർണായക മാറ്റങ്ങളുണ്ടാക്കാൻ സാധിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തേ പ്രതികരിച്ചത്. എന്നാൽ ഈ മരുന്നുകൊണ്ട് പ്രത്യേകിച്ച് ഉപകാരമൊന്നുമില്ലെന്ന് ബ്രിട്ടനിൽ നിന്നുള്ള ഗവേഷകര്‍ അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ഹൈഡ്രോക്സിക്ലോറോക്വീനുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും ഗവേഷകർ നിർത്തിവച്ചിരിക്കുകയാണ്.