വിജിലൻസ് അന്വേഷണത്തിന് സ്റ്റേ വേണ്ടെന്ന് ടോമിൻ തച്ചങ്കരി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് അന്വേഷണത്തിന് സ്റ്റേ വേണ്ടെന്ന് ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ തച്ചങ്കരി. സ്റ്റേ പെറ്റീഷൻ നൽകിയിരുന്നെങ്കിലും തച്ചങ്കരിയുടെ അഭിഭാഷകൻ ബി. രാമൻപിള്ള സ്റ്റേ വേണ്ടെന്ന് ഇന്ന് കോടതിയെ അറിയിക്കുകയായിരുന്നു.

വിടുതൽ ഹർജി മെയ് 29ന് കോട്ടയം വിജിലൻസ് കോടതി തള്ളിയിരുന്നു. തുടർന്ന് തച്ചങ്കരി ഹൈക്കോടതിയിൽ റിവിഷൻ പെറ്റീഷൻ നൽകി. ഇത് കോടതി അടുത്ത ആഴ്ച പരിഗണിക്കും.

തച്ചങ്കരിക്കെതിരായ ആവശ്യമായ തെളിവുണ്ടെന്നായിരുന്നു അന്ന് വിജിലൻസ്കോടതി വ്യക്തമാക്കിയത്. ഇതേത്തുടർന്നാണ് ഹർജിയുമായി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

2003-07 കാലത്ത് ഔദ്യോ​ഗിക പദവി ദുരുപയോ​ഗം ചെയ്ത് ടോമിൻ ജെ തച്ചങ്കരി 65 ലക്ഷത്തിലധികം രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്. എന്നാൽ, ഈ സ്വത്ത് പാരമ്പര്യമായി ലഭിച്ചതാണെന്നാണ് തച്ചങ്കരിയുടെ വാദം. തൃശ്ശൂർ സ്വദേശി പി ഡി ജോസ് ആണ് തച്ചങ്കരിക്കെതിരെ പരാതി നൽകിയത്.