തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുപതിനായിരം ചതുരശ്രമീറ്റർ വരെ വിസ്തീർണമുള്ള കെട്ടിട നിർമ്മാണങ്ങൾക്ക് ക്വാറിയിംഗ് പെർമിറ്റിൽ ഇളവ് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്ര നിയമത്തിന് അനുസൃതമായാണ് സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്. കെട്ടിട നിർമ്മാണ മേഖല നേരിട്ട പ്രതിസന്ധിക്ക് ഇതോടെ പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.
കെട്ടിട നിർമ്മാണത്തിന് അടിത്തറ കെട്ടാൻ മണ്ണെടുക്കുന്നതിനു 300 ചതുരശ്രമീറ്ററിനു മുകളിൽ ക്വാറിയിംഗ് പെർമിറ്റ് വേണമെന്നായിരുന്നു നിബന്ധന. 50 മീറ്റർ ചുറ്റളവിലുള്ള വീടുകളുടേയും കെട്ടിടങ്ങളുടേയും ഉടമസ്ഥരുടെ സമ്മതപത്രം, റവന്യൂ രേഖകൾ, പാരിസ്ഥിതിക അനുമതി, സർവെ മാപ്പ് എന്നിവ പെർമിറ്റിനായി ഹാജാരാക്കണം. എന്നാൽ മന്ത്രിസഭാ തീരുമാനത്തോടെ ഇരുപതിനായിരം ചതുരശ്രമീറ്റർ വരെ പെർമിറ്റിൽ ഇളവ് ലഭിക്കും.