തിരുവനന്തപുരം: അസംസ്‌കൃത എണ്ണയുടെ വില താഴ്ന്നു നില്ക്കുമ്പോള്‍ പെട്രോള്‍, ഡീസല്‍ ഉല്പന്നങ്ങള്‍ക്ക് കുത്തനെ വില കൂട്ടുന്ന കേന്ദ്രസര്‍ക്കാര്‍ കൊറോണ കാലത്ത് ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി.
നാലു ദിവസം കൊണ്ട് പെട്രോളിനും ഡീസലിനും രണ്ടു രൂപയിലധികമാണു വില വര്‍ധിച്ചത്. ഇനിയും കൂടുമെന്നു കരുതപ്പെടുന്നു.
അന്താരാഷ്ട്രവിപണയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനേ ഇടിഞ്ഞപ്പോള്‍ കേന്ദ്രം എക്‌സൈസ് നികുതി കൂട്ടുകയാണു ചെയ്തത്. അപ്പോള്‍ ദൈനംദിന വില നിര്‍ണയമില്ല. അസംസ്‌കൃത എണ്ണയുടെ വില കയറുമ്പോള്‍ ദൈനംദിന വിലനിര്‍ണയത്തിന്റ പേരു പറഞ്ഞ് പെട്രോള്‍,ഡീസല്‍ വില കൂട്ടുകയും ചെയ്യുന്നു. ഇത് മുച്ചൂടും ചൂഷണമാണ്.
കേന്ദ്ര- സംസ്ഥാന നികുതികളാണ് പെട്രോള്‍, ഡീസല്‍ വില കുത്തനേ ഉയര്‍ത്തുന്നത്. നിലവില്‍ പെട്രോളിന് നികുതി 49.97 രൂപയും ഡീസലിന് 48.73 രൂപയുമാണ്. യഥാര്‍ത്ഥത്തില്‍ പെട്രോളിന് 17.96 രൂപയും ഡീസലിന് 18.49 രൂപയും മാത്രമാണ് അടിസ്ഥാനവില. ബാക്കിയുള്ളത് നികുതികളും എണ്ണകമ്പനികളുടെ ലാഭവുമാണ്. അങ്ങനെയാണ് കേരളത്തില്‍ പെട്രോളിന്റെ വില 75.12 രൂപയും ഡീസലിന്റെ വില 69.28 രൂപയുമായി കുതിച്ചു കയറിയതെന്ന് ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.
കഴിഞ്ഞ ഏപ്രിലില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 19.9 ഡോളറായി കുത്തനേ ഇടിഞ്ഞിരുന്നു. അപ്പോള്‍ കേന്ദ്രം റോഡ് സെസും എക്‌സൈസ് തീരുവയുമായി പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും ഒറ്റയടിക്കു വര്‍ധിപ്പിച്ചു. അതോടെ അന്താരാഷ്ട്ര വിപണയിലെ വിലയിടിവിന്റെ ആനുപാതികമായ പ്രയോജനം ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലഭിച്ചില്ല.
ലോക്ഡൗണ്‍ ഭാഗികമായി പിന്‍വലിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ ജീവിതം മെല്ലെ കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ജനങ്ങള്‍ക്ക് എല്ലാവിധ സാമ്പത്തിക സഹായവും ലഭ്യമാക്കേണ്ട സമയമാണിത്. അതിനു പകരം പെട്രോള്‍, ഡീസല്‍ വിലയിലുണ്ടാകുന്ന വില വര്‍ധന ജനങ്ങളോടു കാട്ടുന്ന ക്രൂരതയാണ്.
2008ല്‍ എണ്ണവില ബാരലിന് 150 ഡോളര്‍ വരെ എത്തിയപ്പോള്‍ നികുതി കുറച്ച് പെട്രോള്‍ വില 85 രൂപ കടക്കാതിരിക്കാന്‍ യുപിഎ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 2014ല്‍ എക്‌സൈസ് നികുതി 9.48 രൂപയും ഡീസലിന് 3.56 രൂപയും ആയിരുന്നത് ഇപ്പോള്‍ യഥാക്രമം 32.98 രൂപയും 31.83 രൂപയുമായി കുതിച്ചു കയറി. സംസ്ഥാന നികുതി യഥാക്രമം 16.99 രൂപയും 16.90 രൂപയുമായി അഞ്ചിരട്ടിയോളമായി. യുപിഎ സര്‍ക്കാര്‍ 1,25,000 കോടി രൂപയാണ് അന്ന് സബ്‌സിഡി നല്കിയത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വില കൂടിയപ്പോള്‍, വര്‍ധിപ്പിച്ച വിലയുടെ നികുതി വേണ്ടെന്നു വച്ച് 619.17 കോടി രൂപയുടെ ആശ്വാസമാണ് കേരളത്തിലെ ജനങ്ങള്‍ക്കു നല്കിയത്.
കൊറോണ ഭീഷണിയും സാമ്പത്തികതകര്‍ച്ചയും മൂലം നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് സമാശ്വാസം നല്കാന്‍ ലോക്ഡൗണ്‍ കാലത്ത് വര്‍ധിപ്പിച്ച കേന്ദ്രനികുതിയും റോഡ് സെസും അടിയന്തരമായി പിന്‍വലിക്കണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.