തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊറോണ ചികിത്സയിലായിരുന്ന രണ്ടു പേർ ഒരേ ദിവസം ആത്മഹത്യ ചെയ്തത് അധികൃതരുടെ അനാസ്ഥയെന്ന് ആക്ഷേപം ശക്തമാകുന്നു. മെഡിക്കൽ കോളജിനെതിരെ ഗുരുതരമായ ആരോപണങ്ങൾക്കു വഴിതെളിയിച്ചിരിക്കുകയാണ് മദ്യപാനികളായ ഇവരുടെ ആത്മഹത്യ.
കൊറോണ രോഗമുക്തനായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യാനിരുന്ന നെടുമങ്ങാട്, ആനാട് സ്വദേശി ഉണ്ണി (33) ചൊവാഴ്ച കൊറോണ സ്ഥിരീകരിച്ച് ആശുപത്രിയിലെത്തിയ നെടുമങ്ങാട് സ്വദേശി മുരുകേശൻ (38) എന്നിവരാണ് ആത്മഹത്യ ചെയ്തത്.
ഉണ്ണി ബുധനാഴ്ച ഉച്ചയ്ക്കും മുരുകേശൻ വൈകുന്നേരവുമാണ് ആശുപത്രിയിൽ തൂങ്ങിമരിച്ചത്. ഇരുവരും തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെയാണു മരിച്ചത്.
കൊറോണ ലക്ഷണങ്ങളോടെ മെയ് 29 ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉണ്ണി ചൊവ്വാഴ്ച ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കെഎസ്ആർടിസി ബസിൽ സ്വദേശത്തേയ്ക്കു പോയി. നാട്ടിലെത്തിയ ഇയാളെ പൊലിസും ആനാട് പഞ്ചായത്ത് അധികൃതരും ആരോഗ്യപ്രവർത്തകരുമെത്തി തിരികെ ആശുപത്രിയിലെത്തിച്ചു.
തിരികെയെത്തിച്ച ശേഷം കൗണ്‍സിലിംഗ് നൽകുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച ഇയാളുടെ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടർന്നു പിറ്റേ ദിവസം തന്നെ ആശുപത്രി വിടാമെന്നു അധികൃതർ അറിയിച്ചിരുന്നു. ബുധനാഴ്ച രാവിലെ ആശുപത്രി വിട്ടാൽ തുടർന്നു കഴിക്കേണ്ട മരുന്നുകളുടെ വിവരം നൽകാൻ മുറിയിലെത്തിയപ്പോഴാണു ഇയാൾ തൂങ്ങിനിൽക്കുന്നതു കണ്ടത്. സുരക്ഷാ ജീവനക്കാർ ഇയാളെ രക്ഷപ്പെടുത്തി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വൈകുന്നേരമായിരുന്നു മുരുകേശന്‍റെ ആത്മഹത്യ. ആത്മഹത്യ ചെയ്ത മുരുകേശനും ഉണ്ണിയ്ക്കു സമാനമായ അസുഖങ്ങൾ ഉണ്ടായിരുന്നൂവെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. ഉണ്ണിയെ പോലെ മുരുകേശനും മദ്യപാനിയായിരുന്നു. മദ്യം കിട്ടാത്തതിലുള്ള വിഭ്രാന്തി ഇയാളും പ്രകടിപ്പിച്ചിരുന്നതായാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.