വാഷിംഗ്ടണ്‍ : വർണ വിവേചനത്തിനെതിരേ നിലപാടെടുത്ത് വാഷിംഗ്ടണ്‍ മേയർ വൈറ്റ് ഹൗസിന് സമീപത്തെ തെരുവിന് “ബ്ലാക്ക് ലൈവ്സ് മാറ്റർ പ്ലാസ’ എന്ന പേര് നൽകി. മേയർ മ്യൂറിയൽ ബൗസർ ആണ് ഇക്കാര്യം തന്റെ ട്വിറ്റർ പേജിലൂടെ പങ്കുവച്ചത്. “ബ്രിയോണ ടെയ്ലർ, നിന്റെ ജന്മദിനത്തിൽ വിവേചനത്തിനെതിരെ നമുക്ക് ഒരുമിച്ചു നിൽക്കാം’ എന്ന് അടിക്കുറിപ്പും ഉണ്ടായിരുന്നു.
അമേരിക്കയിൽ വംശീയ വിവേചനത്തിന് ഇരയായി 26ാം വയസ്സിൽ വെടിയേറ്റ് കൊല്ലപ്പെട്ട ആഫ്രോ- അമേരിക്കനാണ് ടെയ്ലർ. ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തെ തുടർന്നുള്ള സംഭവവികാസങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഡിസി മേയർ ബൗസറും തമ്മിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കെയാണ് തെരുവിന് പുതിയ പേര് നൽകിയത്.
പ്രതിഷേധങ്ങൾക്കുള്ള തന്റെ പിന്തുണ ബൗസർ വ്യക്തമാക്കിയതാണെന്നാണ് വിലയിരുത്തൽ. അമേരിക്കയിൽ കറുത്ത വർഗക്കാർക്ക് നേരെ നടക്കുന്ന വംശീയാതിക്രമങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ ഉയർന്നു കേൾക്കുന്ന മുദ്രാവാക്യമാണ് ബ്ലാക്ക് ലൈവ്സ് മാറ്റർ. മഞ്ഞ നിറമുപയോഗിച്ചാണ് തെരുവിൽ ഈ മുദ്രാവാക്യം വലിയ അക്ഷരങ്ങളിൽ എഴുതിവെച്ചിട്ടുള്ളത്.