മുന്‍ കേരള രഞ്ജി ക്രിക്കറ്റ് താരം ജയമോഹന്‍ തമ്പിയുടെ മരണം; കൊലപാതകമെന്ന് പോലീസ്; മകൻ അറസ്റ്റിൽ

കൊച്ചി: മുന്‍ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് താരം കെ ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. തമ്പിയുടെ വീടിനു മുകളില്‍ താമസിക്കുന്നവര്‍ ദുര്‍ഗന്ധത്തെ തുടര്‍ന്ന് നടത്തയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടായിരുന്നു. സംഭവത്തിൽ മകന്‍ അശ്വിനെ പൊലീസ് അറസ്റ്റ് ചെയ്തു. അസ്വാഭാവിക മരണത്തിന് ഫോര്‍ട്ട് പൊലീസ് കേസെടുത്തു. തമ്പിയെ തള്ളിയിട്ടപ്പോള്‍ നെറ്റിയിലുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണം. മകന്‍ കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ് കെ ജയമോഹന്‍ തമ്പിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

സിറ്റൗട്ടിനോട് ചേര്‍ന്ന മുറിയില്‍ മൂത്തമകന്‍ അശ്വിനും താമസിച്ചിരുന്നെങ്കിലും വീടിന്റെ മുകളിലത്തെ നിലയില്‍ വാടകയ്ക്ക് താമസിച്ചിരുന്നവര്‍ ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ എസ്ഡിവി സ്‌കൂളിലെ മുന്‍ അധ്യാപകന്‍ പി ഉണ്ണിക്കൃഷ്ണന്‍ നായരുടെ മകനാണ് ജയമോഹന്‍ തമ്പി. ആലപ്പുഴ തോണ്ടന്‍കുളങ്ങരയിലായിരുന്നു വീട്. എസ്‌എസ്‌എല്‍സി മുതല്‍ എംഎ വരെ ഫസ്റ്റ് ക്ലാസില്‍ പാസായ ജയമോഹന്‍ തമ്പി ക്രിക്കറ്റില്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാനായി തിളങ്ങി. 1982-84ല്‍ കേരളത്തിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ്. എസ്ബിടി ടീമിന്റെ ക്യാപ്റ്റനായിരുന്നു.

ഇക്കണോമിക്‌സില്‍ എംഎ ബിരുദം നേടിയ ശേഷമാണ് എസ്ബിടി ഉദ്യോഗസ്ഥനായത്. ബാങ്ക് ഉദ്യോഗത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്തിട്ടുണ്ട്. ഡപ്യൂട്ടി ജനറല്‍ മാനേജരായാണ് ജോലിയില്‍ നിന്നു വിരമിച്ചത്.

അച്ഛന്‍ ഇങ്ങനെ കിടന്നുറങ്ങാറുണ്ടെന്നും അതിനാല്‍ സംശയം ഒന്നും തോന്നിയില്ലെന്നുമാണ് മകന്‍ പൊലീസിന് നല്‍കിയ മൊഴി. രാത്രി വൈകിയും പോലീസ് മകൻ അശ്വിനെ ചോദ്യം ചെയ്യുകയാണ്.