സ്മാര്‍ട്ട് ഫോണ്‍, ടാബ്ലെറ്റ്, ഐപാഡ്, ലാപ്‌ടോപ്പ്; അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടി: ഡിജിപി

തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനത്തിന് കുട്ടികള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണ്‍, ടാബ്ലെറ്റ്, ഐപാഡ്, ലാപ്‌ടോപ്പ് മുതലായവയ്ക്ക് അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

പാക്കിംഗിന് മുകളിലെ പരമാവധി വില്‍പ്പനവില രേഖപ്പെടുത്തിയ സ്റ്റിക്കര്‍ നീക്കം ചെയ്തശേഷം അമിതവില രേഖപ്പെടുത്തി വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. ഇത്തരം സംഭവങ്ങള്‍ രഹസ്യമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ചുമതലപ്പെടുത്തി.

വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫീസുകളില്‍ എത്തുന്നവര്‍ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടുന്നത് തടയും. ഇത്തരം സ്ഥലങ്ങളില്‍ പരിശോധന നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.