കറുകുറ്റി അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ 300 കിടക്കകള്‍ ഉള്ള കൊറോണ കേന്ദ്രം ഒരുക്കി

കൊച്ചി: കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്ന സമീപനത്തില്‍ മാറ്റം വരുത്തിക്കൊണ്ട് എറണാകുളത്തെ പ്രകടമായ ലക്ഷണങ്ങളില്ലാത്ത കൊറോണ പോസിറ്റിവ് രോഗികളെ പ്രവേശിപ്പിക്കാന്‍ കറുകുറ്റി അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ 300 കിടക്കകള്‍ ഉള്ള കൊറോണ കേന്ദ്രം ഒരുക്കി. ചൊവ്വാഴ്ച്ച മുതല്‍ രോഗികളെ പുതിയ കൊറോണ സെന്ററിലേക്ക് മാറ്റും. കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊറോണ പോസിറ്റിവ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്നാണ് ഈ നടപടി.

തിങ്കളാഴ്ച്ച വരെ 47 രോഗികളെയാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സിച്ചത്. 59 പേര്‍ നിരീക്ഷണത്തില്‍ ആണ്. നിലവില്‍ ചികിത്സയിലുള്ള അസിംപ്‌റ്റോമാറ്റിക്ക് രോഗികളെ ആദ്യം മാറ്റും. ആശുപത്രിയിലെ രോഗികളുടെ എണ്ണം 50 ല്‍ കൂടിയാല്‍ പിന്നീടുള്ള ഘട്ടങ്ങളില്‍ നേരിയ ലക്ഷണങ്ങളുള്ള രോഗികളെയും ഷിഫ്റ്റിംഗില്‍ ഉള്‍പ്പെടുത്തും. പ്രകടമായ ലക്ഷണങ്ങള്‍ ഇല്ലാത്ത കൊറോണ വൈറസ് രോഗികള്‍ക്കായി ആണ് ഫസ്റ്റ് ലെവല്‍ ചികിത്സാ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഇതു വഴി തീവ്ര പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ മറ്റു ആശുപത്രികള്‍ക്കു കഴിയുമെന്ന് സബ്ബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ പറഞ്ഞു. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ വളരെ കുറച്ചു പേര്‍ക്കു മാത്രമാണ് ഗുരുതരമായ ലക്ഷണങ്ങള്‍ ഉള്ളത്.

ആദ്യ ഘട്ടത്തില്‍ രണ്ടു ഡോക്ടര്‍മാരെയും എട്ടു നഴ്‌സുമാരെയും ആയിരിക്കും കൊറോണ കേന്ദ്രത്തില്‍ നിയോഗിക്കുക. പിന്നീട് രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഇത് വര്‍ധിപ്പിക്കും. പതിവ് നിരീക്ഷണത്തോടൊപ്പം രോഗികള്‍ക്ക് ഡോക്ടര്‍ ഓണ്‍ കോള്‍ സൗകര്യവും രോഗികളെ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനായി ദിവസവും രണ്ടു ആംബുലന്‍സ് സൗകര്യവും ഒരുക്കും. അടിയന്തര വൈദ്യത്തിനു പുറമേ വീല്‍ചെയര്‍,ട്രോളി,പി.പി.ഇ കിറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങളും ആരോഗ്യ പ്രവര്‍ത്തകര്‍ക്കു ലഭ്യമാക്കും. നാലു ടിവികളും വൈഫൈ സൗകര്യങ്ങളും കേന്ദ്രത്തില്‍ ഒരുക്കും. അഗ്നി ശമന സേന ദിവസവും കേന്ദ്രം അണുവിമുക്തമാക്കും.