കൂടുതല്‍ പേര്‍ക്ക് കൊറോണ ; തൃശൂരിൽ ആറ് പഞ്ചായത്തുകളെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി

തൃശൂര്‍: കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ ആറ് പഞ്ചായത്തുകളെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു. അവണൂര്‍, അടാട്ട്, ചേര്‍പ്പ്, പൊറത്തിശേരി, വടക്കേക്കാട്, തൃക്കൂര്‍ എന്നി പഞ്ചായത്തുകളെയാണ് കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയത്. ഇന്നലെ ഏറ്റവുമധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തൃശൂര്‍ ജില്ലയിലാണ്. 27 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

ഇന്നലെ പുതുതായി ആറ് ഹോട്ട്‌സ്‌പോട്ടുകളാണ് പ്രഖ്യാപിച്ചത്. ഇതിന് പുറമേയാണ് തൃശൂരിലെ ആറു പഞ്ചായത്തുകളില്‍ കൂടി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍,മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്, കുറുവ, കല്‍പ്പകഞ്ചേരി, എടപ്പാള്‍ വട്ടംകുളം എന്നിവയാണ് ഇന്നലെ പ്രഖ്യാപിച്ച ഹോട്ട്‌സ്‌പോട്ടുകള്‍. ഇന്ന് പുതിയ തീവ്രബാധിത പ്രദേശങ്ങള്‍ കൂടി പ്രഖ്യാപിച്ചതോടെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 156 ആയി ഉയര്‍ന്നു.

കേരളത്തില്‍ തുടര്‍ച്ചയായി മൂന്ന് ദിവസം നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിന് ശേഷം ഇന്നലെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം നൂറില്‍ താഴെ എത്തി. 91 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. തൃശൂരിന് പുറമേ മലപ്പുറം ജില്ലയില്‍ മാത്രം 14 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.