ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സ്മാർട്ട്ഫോണില്ല: പതിനൊന്നാം ക്ലാസ്സ് വിദ്യാർത്ഥിനി ജീവനൊടുക്കി

മാൻസ: വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഏർപ്പെടുത്തിയ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ സ്മാർട്ട്ഫോണില്ലാത്തതിനെ തുടർന്ന് പഞ്ചാബിൽ പതിനൊന്നാം ക്ലാസ്സ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പഠനാവശ്യത്തിനായി സ്മാർട്ട്ഫോൺ വേണമെന്ന് മകൾ പലതവണ ആവശ്യപ്പെട്ടിരുന്നുവെന്നും പണം ഇല്ലാത്തതിനാൽ ഫോൺ വാങ്ങിക്കൊടുക്കാൻ സാധിച്ചിരുന്നില്ലെന്നും വിദ്യാർത്ഥിനിയുടെ പിതാവ് ജഗ്സീർ സിങ് പറയുന്നു.

പഞ്ചാബിലെ മാൻസ ജില്ലയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. രണ്ടാഴ്ചകൾക്ക് മുൻപ് ആരംഭിച്ച ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സ്മാർട്ട്ഫോൺ വേണമെന്ന് വിദ്യാർത്ഥിനി മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മകളുടെ ആവശ്യം നിറവേറ്റാൻ മാതപിതാക്കൾക്ക് കഴിയാത്തതിനെ തുടർന്നാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു.

കൊറോണ പ്രതിരോധത്തിന്റെ ഭാ​ഗമായി ലോക്ക്ഡൗൺ വന്നതോടെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം അടഞ്ഞു കിടക്കുകയാണ്. ആ​ഗസ്റ്റ് 15 ന് ശേഷമേ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ. ഈ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ ആണ് ഏക ആശ്രയം. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത ധാരാളം വിദ്യാർത്ഥികളുടെ വേദനകളാണ് ദിവസേന പുറത്തുവരുന്നത്.