തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ സ്കൂൾ പ്രവേശനത്തിന് ഇനി ഓൺലൈനായി അപേക്ഷ നൽകാൻ അവസരം. കുട്ടികളുടെ ടി.സി (ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്) വാങ്ങുന്നതിനും ഓൺലൈനായി അപേക്ഷിക്കാം. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പ്രവേശനവും ടിസിയുമാണ് സർക്കാർ ഓൺലൈനാക്കിയിരിക്കുന്നത്.
http://sampoorna.kite.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. നേരിട്ട് അപേക്ഷിച്ചവർ ഓൺലൈനിൽ അപേക്ഷിക്കണ്ട.
പുതുതായി സ്കൂൾ പ്രവേശനം തേടുന്ന കുട്ടികൾക്കും സിബിഎസ്ഇ/ഐസിഎസ്ഇ തുടങ്ങി മറ്റു സ്ട്രീമുകളിൽനിന്ന് പൊതുവിദ്യാലയങ്ങളിലേക്കു വരുന്ന കുട്ടികൾക്കും സമ്പൂർണ വഴി അപേക്ഷിക്കാം. പ്രധാനാധ്യാപകരുടെ സമ്പൂർണ ലോഗിനിൽ ലഭിക്കുന്ന അപേക്ഷയ്ക്കനുസരിച്ച് കുട്ടികൾക്ക് താത്‌കാലിക പ്രവേശനം നൽകും. യഥാർഥരേഖകൾ സ്കൂളിൽ പ്രവേശിക്കുന്ന ദിവസം അല്ലെങ്കിൽ ആവശ്യപ്പെടുന്ന സമയത്ത് നൽകിയാൽ മതി.
ഒന്നുമുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ ക്ലാസ് കയറ്റം ‘സമ്പൂർണ’ വഴിയാണ് നടക്കുന്നത്. ഇത് ഇപ്പോൾ നടക്കുന്നതുപോലെതന്നെ തുടരും. ക്ലാസ് കയറ്റം വഴിയോ അല്ലാതെയോ ഉള്ള സ്കൂൾ മാറ്റത്തിനുള്ള ടിസിക്കും സമ്പൂർണ വഴിതന്നെ അപേക്ഷിക്കണം. അപേക്ഷ ലഭിക്കുന്ന സ്കൂളിലെ പ്രധാനാധ്യാപകർ ‘സമ്പൂർണ’ വഴി ട്രാൻസ്ഫർ ചെയ്ത് ടിസിയുടെ ഡിജിറ്റൽ പകർപ്പ് പുതുതായി ചേർക്കുന്ന സ്കൂളിന് ലഭ്യമാക്കും.