മുംബൈ: കൊറോണ ബാധിതരുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് മഹാരാഷ്ട്ര. സംസ്ഥാനത്ത് 85,975 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാല റിപ്പോർട്ട് പ്രകാരം കോവിഡ് ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയിൽ ഇതുവരെ സ്ഥിരീകരിച്ചത് 84,186 കേസുകളാണ്. 4,638 പേർ മരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,007 പുതിയ കേസുകൾ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. 91 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 3,060 ആയി ഉയർന്നു. ഇന്ത്യയിൽ കൊറോണ ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. നിലവിൽ 43,591 പേരാണ് മഹാരാഷ്ട്രയിൽ ചികിത്സയിലുള്ളത്.
സംസ്ഥാന തലസ്ഥാനമായ മുംബൈയിൽ മാത്രം 1,421 പുതിയ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ 48,549 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 25,717 പേരാണ് ഇപ്പോൾ ചികിത്സയിലുളളത്. 1,636 പേർ മുംബൈയിൽ മരിച്ചു.