തൃശ്ശൂര്‍: വീട്ടില്‍ ഒറ്റയ്ക്ക് ഇരിക്കുന്ന മകള്‍ പഠനത്തിനിടെ മൊബൈല്‍ ദുരുപയോഗം ചെയ്യുമോയെന്ന ആശങ്ക സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച അമ്മയ്ക്ക് സൈബര്‍ സെല്ലിന്റെ താക്കീത്. ഇത്തരം കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിക്കാതെ, പൊലീസ് സ്റ്റേഷനില്‍ നേരിട്ട് വിളിച്ച് പറയുകയാണ് വേണ്ടതെന്ന് സൈബര്‍ സെല്‍ ഓര്‍മ്മിപ്പിച്ചു.
‘ഭര്‍ത്താവിന് ബാങ്കില്‍ പോകണം. എനിക്ക് സ്‌കൂളിലും. മകള്‍ വീട്ടില്‍ ഒറ്റയ്ക്കാണ്. പഠനത്തിന് അവളുടെ കൈയില്‍ മൊബൈലുണ്ട്. ഒറ്റയ്ക്കുള്ള മൊബൈല്‍ ഉപയോഗം അവളെ ചീത്തയാക്കുമോയെന്നാണ് ഭയം’- ഇതായിരുന്നു പോസ്റ്റ്. ഇത്തരം പോസ്റ്റുകള്‍ സാമൂഹികവിരുദ്ധര്‍ക്ക് കുട്ടി വീട്ടില്‍ ഒറ്റയ്ക്കാണെന്ന സന്ദേശം നല്‍കുമെന്നാണ് സൈബര്‍ സെല്‍ വിളിച്ചറിയിച്ചത്. സൈബര്‍സെല്‍ മുന്നറിയിപ്പ് നല്‍കിയതോടെ ഇവര്‍ പോസ്റ്റ് പിന്‍വലിച്ചു.
ഇത്തരം കാര്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലിടാതെ സമീപത്തെ പൊലീസ് സ്‌റ്റേഷനുകളില്‍ അറിയിച്ചാല്‍ കരുതലുണ്ടാകുമെന്നും അറിയിച്ചു. പോസ്റ്റിട്ട അമ്മയുടെ വീടിന് സമീപത്തെ പൊലീസ് സ്‌റ്റേഷന്റെ നമ്പറും നല്‍കി ആശ്വസിപ്പിക്കാനും സൈബര്‍ സെല്‍ മറന്നില്ല.
തൃശ്ശൂരിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ അമ്മയ്ക്ക് ഓണ്‍ലൈന്‍ ക്ലാസിനായി ജൂണ്‍ ആദ്യം മുതല്‍ സ്‌കൂളില്‍ പോകേണ്ടിയിരുന്നു. ഇതേ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് മകള്‍. ലോക്ഡൗണില്‍ കുട്ടി വീട്ടില്‍ ഒറ്റയ്ക്കായതോടെ മനസ്സുപതറിയാണ് പോസ്റ്റിട്ടതെന്നായിരുന്നു അമ്മ സൈബര്‍ സെല്ലിനു നല്‍കിയ മറുപടി. മറ്റു സാമൂഹികപ്രശ്‌നങ്ങള്‍ ചിന്തിക്കാതെയായിരുന്നു പോസ്റ്റിട്ടത്.