തൃശൂർ: മൃഗങ്ങൾക്കെതിരായ ക്രൂരതകൾ അവസാനിക്കുന്നില്ല. നായയുടെ വായ ഇൻസുലേഷൻ ടേപ്പുകൊണ്ടു വരിഞ്ഞുകെട്ടിയ നിലയിൽ. താടിയെല്ലുകൾ രണ്ടും കൂട്ടി മൂക്കിനു ചേർന്ന് ഇൻസുലേഷൻ ടേപ്പ് വരിഞ്ഞു കെട്ടിയ നായ വെള്ളവും ഭക്ഷണവും കഴിക്കാതെ നടന്നത് ആഴ്ചകളോളം.
ടേപ് മുഖത്തെ മാംസത്തിലേക്കു താഴ്‌ന്നുപോയിരുന്നു.
തൃശ്ശൂർ നഗര പരിസരത്ത് ഒല്ലൂർ ജംക്‌ഷനു സമീപമാണ് ഈ നായയെ കണ്ടെത്തിയത്. ആദ്യ ദിവസങ്ങളിൽ നായ ഈ നിലയിൽ പരക്കം പായുകയായിരുന്നു. ഭക്ഷണം കഴിക്കാനോ ശബ്ദമുണ്ടാക്കാനോ പറ്റിയിരുന്നില്ല. ടേപ് മുറുക്കിച്ചുറ്റിയതിനാൽ മാംസത്തിലേക്കു താഴ്ന്നു മുഖത്തെ എല്ലു പുറത്തു വന്നിട്ടുണ്ട്.
വൈദ്യ സഹായത്തിനു ശേഷം പോസിന്റെ കോളങ്കാട്ടുകര സുരക്ഷാ കേന്ദ്രത്തിലേക്കു മാറ്റി. മൃഗസംരക്ഷണ രംഗത്തെ സന്നദ്ധ സംഘടനയായ പോസ് (പീപ്പിൾ ഫോർ അനിമൽ വെൽഫെയർ സർവീസ്) പ്രവർത്തകരാണ് നായയെ രക്ഷിച്ചത്. തെരുവുനായ്ക്കുട്ടികളെ വാക്സിൻ നൽകി സുരക്ഷിതരാക്കി വളർത്താൻ കൊടുക്കുന്ന സംഘടന കൂടിയാണു പോസ്. ഏഴു വർഷത്തിനു ഇടയിൽ ആയിരക്കണക്കിന് മൃഗങ്ങളെ പലയിടത്ത് നിന്നായി പോസ് രക്ഷിച്ചിട്ടുണ്ട്.