തിരുവനന്തപുരം: നിലവിലുള്ള ഗുരുതരമായ കൊറോണ രോഗവ്യാപനസാഹചര്യം കണക്കിലെടുത്ത് ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ചങ്ങനാശേരി അതിരൂപതയിലെ പള്ളികൾ തുറക്കില്ലെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അറിയിച്ചു.
അഞ്ചു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ചങ്ങനാശേരി അതിരൂപതയെ സംബന്ധിച്ചിടത്തോളം നിലവിലുള്ള ഗുരുതരമായ രോഗവ്യാപനസാഹചര്യം പരിഗണിച്ച് തുറക്കുന്നതു സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കുന്നതാണെന്ന് മാർ പെരുന്തോട്ടം വ്യക്തമാക്കി. എന്നാൽ വ്യക്തിപരമായ പ്രാർത്ഥനയ്ക്ക് വിശ്വാസികൾക്ക് പള്ളികൾ തുറന്നുകൊടുക്കുന്നതിന് തടസ്സമില്ല. അപ്രകാരമുള്ള സാഹചര്യമുണ്ടെങ്കിൽ ദേവാലയത്തിൽ ഉത്തരവാദിത്വപ്പെട്ടവരുടെ സാന്നിദ്ധ്യമുണ്ടായിരിക്കേണ്ടതും അവിടെ വരുന്നവരുടെ വിവരങ്ങൾ ശേഖരിക്കേണ്ടതുമാണെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഇടവക വൈദികർക്ക് നിർദ്ദേശം നൽകി.
എന്നാൽ പള്ളികൾ സർക്കാർ നിബന്ധന അനുസരിച്ച് തുറക്കാനാണ് താമരശേരി രൂപതയുടെ തീരുമാനം. കോഴിക്കോട് രൂപത തീരുമാനം ഇടവകകൾക്ക് വിട്ടു. സർക്കാർ നൽകുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാൻ കഴിയില്ലെന്ന് തോന്നുന്ന ഇടവകകൾ പള്ളി തുറക്കരുതെന്നും ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ നിർദ്ദേശിച്ചു. അതേസമയം ആലപ്പുഴ രൂപതയ്ക്ക് കീഴിലുള്ള ആരാധനാലയങ്ങൾ തുറക്കേണ്ടെന്ന് തീരുമാനിച്ചു. ആലപ്പുഴ രൂപതയ്ക്ക് കീഴിൽ 79 പള്ളികളാണ് ഉള്ളത്. ഇവയൊന്നും ഉടൻ തുറക്കില്ലെന്ന് ബിഷപ്പ് ഡോ ജെയിംസ് ആനാപറമ്പിൽ അറിയിച്ചു.