ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹ ചടങ്ങുകൾ പുനരാരംഭിച്ചു

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വിവാഹ ചടങ്ങുകൾ പുനരാരംഭിച്ചു. ഒമ്പത് വിവാഹങ്ങളാണ് ഇന്ന് ക്ഷേത്രത്തിൽ നടന്നത്. തൃശൂർ ഗാന്ധിനഗർ സ്വദേശിനി അല ബി ബാലയും കൊല്ലം സ്വദേശി അരുണുമാണ് ഇന്ന് ക്ഷേത്ര സന്നിധിയിൽ ആദ്യം വിവാഹിതരായത്.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള സുരക്ഷയെ മുൻനിർത്തി ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. വിവാഹങ്ങളും താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തിയതോടെയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾക്ക് സർക്കാർ അനുമതി നൽകിയത്.

ജൂൺ 4 മുതൽ വിവാഹങ്ങൾ നടത്താനാണ് ദേവസ്വം തീരുമാനിച്ചത്. എന്നാൽ ആദ്യ ദിവസം വിവാഹങ്ങൾക്ക് ആരും രജിസ്റ്റർ ചെയ്തില്ല മൂന്ന് മാസം വരെയാണ് മുൻകൂട്ടി രജിസ്ട്രേഷൻ നടത്താൻ കഴിയുക. ഇത് വരെ 58 വിവാഹങ്ങൾ രജിസ്റ്റർ ചെയ്ത് കഴിഞ്ഞുവെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ വി. വി ശിശിർ അറിയിച്ചു.

വിവാഹത്തിൽ ഫോട്ടോഗ്രാഫി ഉൾപ്പെടെ അനുവദിക്കേണ്ടതില്ല എന്നാണ് ദേവസ്വം തീരുമാനം. ഒരു ദിവസം പരമാവധി 60 വിവാഹങ്ങൾ നടത്താനാണ് അനുമതിയുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ വന്ന ലോക്ഡൗണ്‍ ഇളവുകൾ അടിസ്ഥാനത്തിൽ ക്ഷേത്രനടയിലെത്തി ഭക്തർക്ക് തൊഴാനുള്ള അനുവാദവും നൽകിയിട്ടുണ്ട്.