ലഖ്‌നൗ: സർക്കാർ സ്കൂൾ അധ്യാപിക ഒരേസമയം 25 സ്‌കൂളൂകളില്‍ ജോലി ചെയ്തു. 13 മാസം കൊണ്ട് സമ്പാദിച്ചത് ഒരു കോടി രൂപയും. ഉത്തർപ്രദേശ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കസ്തൂർബ ഗാന്ധി ബാലിക വിദ്യാലയയിലെ അധ്യാപികയായ അനാമിക ശുക്ലയാണ് ഈ തട്ടിപ്പ് നടത്തിയത്. ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അധ്യാപകരുടെ ഡേറ്റാ ബേസ് കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് ഇവരുടെ വെട്ടിപ്പ് തെളിഞ്ഞത്. എന്നാല്‍ ഒരേസമയം ഇത്രയധികം സ്‌കൂളുകളില്‍ ഇവര്‍ ജോലിതട്ടിപ്പ് നടത്തിയെന്നത് അധികൃതരെ കുഴയ്ക്കുന്നു.
കസ്തൂർബ ഗാന്ധി ബാലിക വിദ്യാലത്തിലെ മുഴുവൻ സമയ അധ്യാപികയാണ് അനാമിക ശുക്ല. അമേഠി, അംബേദ്കർ നഗർ, റായ്ബറേലി, പ്രയാഗ് രാജ്, അലീഗഢ് എന്നീ ജില്ലകളിലായി വിവിധ സ്കൂളുകളിൽ അധ്യാപികയായി ഇവർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ വർഷം ഫെബ്രുവരി വരെ 13 മാസത്തിനിടെ ഒരു കോടിയോളം രൂപ അനാമിക ശുക്ല ശമ്പളമായി സർക്കാരിൽ നിന്ന് കൈപ്പറ്റിയിട്ടുണ്ട്.
അതേസമയം അനാമികയുടെ ശരിക്കുമുള്ള പോസ്റ്റിങ് എവിടെ ആയിരുന്നു എന്നത് സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്. ജില്ലയിലെ ഓരോ ബ്ലോക്കിലും ഒരു ബാലിക വിദ്യാലയമാണുള്ളത്. കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന അധ്യാപകര്‍ക്ക് 30,000 രൂപയാണ് മാസശമ്പളം. നിലവിൽ ഇവർക്കുള്ള എല്ലാ ശമ്പളവും സർക്കാർ തടഞ്ഞിട്ടുണ്ട്. വിവിധ സ്കൂളുകളിൽ നിന്നുള്ള ശമ്പള കൈമാറ്റത്തിന് ഒരേ ബാങ്ക് അക്കൗണ്ടാണോ ഉപയോഗിച്ചത് എന്നതടക്കം പരിശോധിച്ചു വരികയാണ്.