ബെംഗളൂരു: കർണാടകയിലെ ഹംപിയിൽ ഭൂചലനം ഉണ്ടായി എന്നുള്ള റിപ്പോർട്ട് തെറ്റാണെന്ന് അധികൃതർ. ഭൂചലന മുന്നറിയിപ്പ് നൽകുന്ന സോഫ്റ്റ് വെയറിലെ പിശകാണ് റിക്ടർ സ്കെയിൽ ഭൂചലനം രേഖപ്പെടുത്താൻ കാരണമെന്ന് കർണാടക പ്രകൃതി ദുരന്ത അവലോകന കേന്ദ്രം (കെഎസ്എൻഡിഎംസി) അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ 6.55 ഓടെ കർണാടകയിലെ ഹംപിയിലും ജാർഖണ്ഡിലെ ജംഷഡ്പുരിലും നേരിയ ഭൂചലനം ഉണ്ടായി എന്നായിരുന്നു റിപോർട്ടുകൾ. ഹംപിയിൽ റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടെന്നാണ് നേരത്തെ നാഷ്ണൽ സെന്റർ ഫോർ സിസ്മോളജി വ്യക്തമാക്കിയിരുന്നത്. എന്നാൽ അതിപ്പോൾ തെറ്റാണ് എന്നാണ് കർണാടക പ്രകൃതി ദുരന്ത അവലോകന കേന്ദ്രം അറിയിച്ചിരിക്കുന്നത്.
അതേസമയം ഭൂചലന സംഭവങ്ങൾ കർണാടക പ്രകൃതി ദുരന്ത അവലോകന സ്റ്റേഷനുകളിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് ബെംഗളൂരു കെഎസ്എൻഡിഎംസി സയന്റിഫിക് ഓഫീസർ ജഗദീഷ് വ്യക്തമാക്കി. ചില സമയങ്ങളിൽ ഭൂചലനം അളക്കാനുള്ള സോഫ്റ്റ് വെയർ കാര്യങ്ങൾ വിശകലനം ചെയ്ത് തെറ്റായ വിവരങ്ങൾ നൽകാറുണ്ട്. അത്തരത്തിൽ ഒരു റിപ്പോർട്ടാണ് ഇന്ന് പുറത്തുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.