നിയന്ത്രണ രേഖയില്‍ വീണ്ടും പാക് വെടിവയ്പ്; ഒരു ഇന്ത്യൻ ജവാന് വീരമൃത്യു

ശ്രീനഗർ: ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയില്‍ വീണ്ടും പാക് പ്രകോപനം. നിയന്ത്രണ രേഖയിലുണ്ടായ പാക് വെടിവയ്പ്പിൽ ഒരു ഇന്ത്യൻ ജവാൻ വീരമൃത്യു വരിച്ചു.

ജമ്മു കശ്മീരിലെ രജൗറി ജില്ലയിൽ വ്യാഴാഴ്ച രാത്രി സുന്ദർബനി സെക്ടറിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സേന നടത്തിയ വെടിവെയ്പിലും ഷെല്ലാക്രമണത്തിലുമാണ് ജവാൻ കൊല്ലപ്പെട്ടത്.

അതേസമയം യാതൊരു പ്രകോപനവുമില്ലാതെ വ്യാഴാഴ്ച രാത്രി 10.45 ഓടെയാണ് പാക് സേന വെടിവയ്പ്പ് നടത്തിയതെന്നും അക്രമണത്തിന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചെന്നും സൈനിക വക്താവ് വ്യക്തമാക്കി. കിർണി സെക്ടറിലെ നിയന്ത്രണ രേഖയിൽ ചെറിയ ആയുധങ്ങൾ പ്രയോഗിച്ച് മോർട്ടാറുകളുപയോഗിച്ച് ഷെല്ലാക്രമണം നടത്തി.
രജൗറി ജില്ലയിലെ കലക്കോട്ട് മേഖലയിൽ കഴിഞ്ഞ ദിവസം സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ട സാഹചര്യത്തിൽ ഈ മേഖലയിൽ സൈന്യം തിരച്ചിൽ വ്യാപമാക്കിയിട്ടുണ്ടെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.

കൂടാതെ കിർണി സെക്ടറിലെ നിയന്ത്രണ രേഖയിലും ചെറിയ ആയുധങ്ങൾ പ്രയോഗിച്ച് ഷെല്ലാക്രമണം നടത്തിയിരുന്നു. കൊറോണ വൈറസ് രോഗം മൂലം പ്രഖ്യാപിച്ച ഈ ലോക്ക്ഡൗൺ സമയത്ത് ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങളിലും നുഴഞ്ഞുകയറ്റ ശ്രമങ്ങളിലും വലിയ രീതിയിൽ ഉണ്ടാകുന്നുണ്ട്.