പുരപ്പുറത്ത് കയറേണ്ട; നമിത നാരായണന് വീട്ടിലിരുന്ന് പഠിക്കാം

കോട്ടയ്ക്കല്‍: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ വീടിനകത്ത് നെറ്റ് വര്‍ക്ക് ഇല്ലാത്തതിനാല്‍ വീടിന്റെ മേല്‍ക്കൂരയില്‍ കയറിയിരുന്ന വിദ്യാര്‍ഥിനിയുടെ ചിത്രം വൈറലായിരുന്നു. മലപ്പുറം കോട്ടക്കല്‍ അരീക്കലിലെ നമിത നാരായണനാണ് പഠനം മുടങ്ങാതിരിക്കാന്‍ വീടിന്റെ മേല്‍ക്കൂരയില്‍ കയറിയിരിക്കുന്നത്. കുറ്റിപ്പുറം കെഎംസിടി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ അഞ്ചാം സെമസ്റ്റര്‍ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയാണ് നമിത. വീട്ടിലെ മറ്റൊരിടത്തും മൊബൈല്‍ ഡാറ്റയ്ക്ക് നല്ല സിഗ്നല്‍ ലഭിക്കാതിരുന്നപ്പോഴാണ് മേല്‍ക്കൂരയിലേക്ക് എത്തിയതെന്ന് നമിത പറഞ്ഞു.

തിങ്കളാഴ്ച ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ നമിതയ്ക്ക് ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ നെറ്റ്വര്‍ക്ക് മൂലം ക്ലാസുകള്‍ നഷ്ടപ്പെടരുതെന്ന് കരുതിയാണ് മേല്‍ക്കൂരയില്‍ കയറാനുള്ള സാഹസത്തിലേക്ക് എത്തിയത്. എന്നാൽ ചിത്രം വൈറലായതിനെ തുടർന്ന് ഒരു സ്വകാര്യകമ്പനിയിലെ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം നമിതയുടെ വീട്ടിലെത്തി ഇന്‍റര്‍നെറ്റ് സ്വകര്യം ഉറപ്പാക്കുകയായിരുന്നു. ഇതുപയോഗിച്ചാണ് വ്യാഴാഴ്ച മുതൽ നമിത പഠനം തുടങ്ങിയത്.