ഭോപ്പാല്‍: ആല്‍ക്കഹോള്‍ അടങ്ങുന്നതിനാല്‍ സാനിറ്റൈസര്‍ ക്ഷേത്രത്തില്‍ അനുവദിക്കാന്‍ സാധിക്കില്ലെന്ന് ക്ഷേത്ര പൂജാരി. രാജ്യത്ത് ലോക്ക്ഡൗൺ അഞ്ചാംഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം ഇന്നലെയാണ് പുറത്തിറങ്ങിയത്.
മാർഗ്ഗനിർദ്ദേശം പുറത്തുവന്നതിന് ശേഷമാണ് പൂജാരി ഇക്കാര്യം വ്യക്തമാക്കിയത്. മധ്യപ്രദേശിലെ ഭോപ്പാലിലുള്ള മാ വൈഷ്ണവധാം നവ് ദുർഗാ ക്ഷേത്രത്തിലെ പൂജാരിയായ ചന്ദ്രശേഖര്‍ തിവാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാരിന്‍റെ ചുമതല മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുക എന്നുള്ളതാണ്. പക്ഷേ, ആല്‍ക്കഹോള്‍ അടങ്ങുന്ന സാനിറ്റൈസര്‍ ക്ഷേത്രത്തില്‍ ഉപയോഗിക്കുന്നതിനെ എതിര്‍ക്കുന്നുവെന്ന് ചന്ദ്രശേഖര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
കൈകള്‍ ശുദ്ധിയാക്കാനുള്ള മെഷീന്‍ ക്ഷേത്രത്തില്‍ പുറത്ത് സ്ഥാപിക്കാം. അവിടെ സോപ്പ് വയ്ക്കാവുന്നതാണ്. എങ്ങനെ ആയാലും വീട്ടില്‍ കുളിച്ച ശേഷം മാത്രമെ ഏതൊരാളും ക്ഷേത്രത്തിലേക്ക് വരികയുള്ളൂവെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. മദ്യപിച്ചിട്ട് ആര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. അങ്ങനെയുള്ളപ്പോള്‍ ആല്‍ക്കഹോള്‍ അടങ്ങുന്ന സാനിറ്റൈസര്‍ കൈകളില്‍ തേച്ചിട്ട് എങ്ങനെ അകത്ത് കയറുമെന്ന് പൂജാരി ചോദിച്ചു.