മണ്ണാര്‍ക്കാട് വനമേഖലയില്‍ ആന ചരിഞ്ഞ സംഭവം; കൃഷിക്കാരൻ അറസ്റ്റില്‍

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് വനമേഖലയില്‍ ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം എടവണ്ണ സ്വദേശി വിത്സണ്‍ ആണ് പിടിയിലായത്. അമ്പലപ്പാറയില്‍ പാട്ടത്തിനെടുത്ത കൃഷിഭൂമിയില്‍ കൃഷി ചെയ്യുന്നയാളാണ്.

പൊലീസും വനംവകുപ്പും അടങ്ങുന്ന സംയുക്ത സംഘമാണ് ആന ചരിഞ്ഞതിനെക്കുറിച്ച് അന്വേഷണം നടത്തുന്നത്. പന്നിപ്പടക്കം കടിച്ച ആന വായ തകര്‍ന്ന് ഭക്ഷണം കഴിക്കാന്‍ കഴിയാതെ ചരിയുകയായിരുന്നു. ഗര്‍ഭിണിയായ ആന ചരിഞ്ഞത് ദേശീയ തലത്തില്‍ തന്നെ വലിയ വാര്‍ത്തയായിരുന്നു.

പ്രദേശത്തെ തോട്ടങ്ങളെ കേന്ദ്രീകരിച്ചാണ് സംയുക്ത സംഘം അന്വേഷണം നടത്തിയത്. പന്നിപ്പടക്കം വച്ചെന്നു കരുതുന്ന മൂന്നു പേര്‍ ഇന്നലെ മുതല്‍ സംഘത്തിന്റെ കസ്റ്റഡിയിലുണ്ട്. ഇവരെ വിശദമായ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പന്നി തോട്ടത്തിലെ വിള നശിപ്പിക്കുന്നത് തടയാന്‍ സ്‌ഫോടക വസ്തു പഴങ്ങളില്‍ ഒളിപ്പിച്ച് കെണിയായി വയ്ക്കുന്നത് മലയോര മേഖലയില്‍ സാധാരണമാണ്. എന്നാല്‍ ഇത്തരത്തില്‍ മൃഗങ്ങളെ കൊല്ലുന്നത് നിയമപരമല്ല. തോട്ടം നശിപ്പിക്കുന്ന പന്നികളെ വെടിവച്ചുകൊല്ലാനാണ് അനുമതിയുള്ളത്.