കണ്ണൂർ: വിദേശങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവരെ അപ്പാർട്ട്മെന്റുകളിലും ഫ്ലാറ്റുകളിലും ഹോം ക്വാറന്റയിനിൽ അയക്കാനുള്ള തീരുമാനം പുനഃ പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
ചീഫ് സെക്രട്ടറി, റവന്യു സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടർ, സംസ്ഥാന പോലീസ് മേധാവി എന്നിവർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദ്ദേശം നൽകിയത്.
അടിയന്തിര നടപടികൾ സ്വീകരിച്ച ശേഷം മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
ഫ്ലാറ്റ്, വില്ലകൾ എന്നിവിടങ്ങളിൽ ഹോം ക്വാറന്റയിൻ ഏർപ്പാടാക്കിയ സർക്കാർ നടപടിക്കെതിരെ കണ്ണൂർ സ്വദേശിയായ മനുഷ്യാവകാശ പ്രവർത്തകൻ റനീഷ് കാക്കടവത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി.
അപ്പാർട്ടുമെന്റുകളിലും ഫ്ലാറ്റുകളിലും വില്ലകളിലും ക്വാറൻറീന് അവസരം നൽകിയാൽ അത് സമൂഹ വ്യാപനത്തിന് വഴിയൊരുക്കുമെന്ന് പരാതിയിൽ പറയുന്നു. അപ്പാർട്ടുമെന്റുകളിലും ഫ്ലാറ്റുകളിലും പത്രവിതരണം മുതൽ മാലിന്യ നിർമാർജനം വരെ നടക്കുന്നത് പൊതുവഴിയിലൂടെയാണ്. പൊതു ലിഫ്റ്റുകളാണ് ഓരോ നിലകളിലെയും താമസക്കാർ ഉപയോഗിക്കുന്നത്. ഒരു അപ്പാർട്ട്മെന്റിൽ ഒരു കോവിഡ് ബാധിതൻ ഉണ്ടെങ്കിൽ അദ്ദേഹം ഉപയോഗിക്കുന്നതും പൊതുവഴിയും ലിഫ്റ്റും ആയിരിക്കും. അപ്പാർട്ട്മെന്റ് റസിഡൻസ് അസോസിയേഷനുകൾ ഇക്കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനത്തിലെത്തിയെങ്കിലും സർക്കാർ ഇവരുമായി കൂടിയാലോചിക്കാതെയാണ് ക്വാറന്റയിൻ സംബന്ധിച്ച തീരുമാനമെടുത്തത്.
പരാതി വസ്തുനിഷ്ഠവും പുതിയ സാഹചര്യത്തിൽ തികച്ചും പ്രസക്തവുമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി സർക്കാർ എടുത്ത തീരുമാനത്തിൽ പുനരാലോചന അനിവാര്യമാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.