സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ബിജെപി വനിതാ നേതാവ് ചെരിപ്പിനടിച്ചു

ഡൽഹി: സർക്കാർ ഉദ്യോഗസ്ഥനെ ചെരിപ്പിനടിച്ച് ബിജെപി നേതാവും ടിക് ടോക് താരവുമായ സൊനാലി ഫോ​ഗട്ട്. ഹരിയാനയിലെ കർഷകരുടെ മാർക്കറ്റ് സന്ദർശിക്കുന്നതിനിടെയാണ് സംഭവം. സുല്‍ത്താന്‍ സിംഗ് എന്ന മാര്‍ക്കറ്റ് കമ്മിറ്റി അംഗത്തെ നിരവധി തവണ ചെരിപ്പുകൊണ്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

മാര്‍ക്കറ്റിനേക്കുറിച്ച് കര്‍ഷകര്‍ നല്‍കിയ പരാതിയെക്കുറിച്ച് ചോദ്യം ചെയ്യുന്നതിന് ഇടയില്‍ ഉദ്യോഗസ്ഥന്‍ നടത്തിയ പരാമര്‍ശമാണ് സൊനാലിയെ പ്രകോപിപ്പിച്ചത്. ‌ വെള്ളിയാഴ്ചയാണ് വിവാദമായ സംഭവം നടക്കുന്നത്. അതേസമയം ഹരിയാന മുഖ്യമന്ത്രി സംഭവത്തില്‍ സൊനാലിക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കുന്നത് തെറ്റല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മൃഗങ്ങളെ എന്നപോലെയാണ് ബിജെപി നേതാവ് ആക്രമിച്ചത്. സംഭവത്തില്‍ ഖട്ടര്‍ സര്‍ക്കാര്‍ നടപടിയെടുക്കുമോയെന്നും രണ്‍ദീപ് സിംഗ് സുര്‍ജെവാല ചോദിക്കുന്നു. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട ബിജെപി സ്ഥാനാർത്ഥിയാണ് സൊനാലി ഫോ​ഗട്ട്. ടിക് ടോകിൽ മാത്രം ഒന്നരലക്ഷത്തിലധികം ഫോളോവേഴ്സാണുള്ളത്. രണ്ട് വര്‍ഷം മുന്‍പാണ് സൊനാലി ബിജെപിയിൽ ചേർന്നത്. വൈകാതെ സൊനാലി പാർട്ടിയുടെ വനിതാ സെല്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.