ജോധ്പൂര്‍: അമേരിക്കയിൽ കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ളോയിഡിനെ കഴുത്തില്‍ മുട്ടു ഞെരിച്ച് കൊന്നതിന്റെ പ്രതിഷേധാഗ്നി എരിഞ്ഞടങ്ങും മുൻപേ അമേരിക്കന്‍ മോഡല്‍ പൊലീസ് മുറ ഇന്ത്യയിലും. മാസ്‌ക് ധരിച്ചില്ലെന്ന് പറഞ്ഞാണ് യുവാവിനെ രാജസ്ഥാനിലെ ജോധ്പൂര്‍ പൊലീസ് കഴുത്തില്‍ മുട്ടമര്‍ത്തി ശ്വാസം മുട്ടിച്ചത്. ബല്‍ദേവ് നഗര്‍ സ്വദേശിയായ മുകേഷ് കുമാര്‍ പ്രജാപതാണ് പൊലീസിന്റെ ക്രൂര പീഢനത്തിനിരയായത്.
മുകേഷ് കുമാറിനെ പൊലീസുകാരന്‍ ഇടിക്കുന്നതും കാല്‍ മുട്ട് കഴുത്തില്‍ വെച്ച് ഞെരിക്കുന്നതുമായുള്ള വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കഴിഞ്ഞു. രണ്ട് പോലീസുകാര്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദിക്കുന്നത്. സിവില്‍ ഡ്രസിലുള്ള ഒരാള്‍കൂടി പൊലീസുകാരെ സഹായിക്കുന്നുണ്ട്.
മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. പൊതുസ്ഥലത്ത് മാസ്‌ക് ധരിച്ചില്ലെന്ന കാരണത്താല്‍ ജോധ്പൂര്‍ പൊലീസ് യുവാവിന് പിഴ ചുമത്തി. ഇതില്‍ മുകേഷ് കുമാര്‍ പ്രതിഷേധിച്ചതോടെയാണ് പൊലീസ് ക്രൂരമായി മര്‍ദിച്ചത്.