തിരുവനന്തപുരം: മുഖ്യമന്ത്രിയെ സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി എന്ന കേസിൽ മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും അഭിഭാഷകയുമായ അഡ്വ. വീണ നായർക്ക് എതിരായ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എഫ്.ഐ.ആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് വീണ നായർ നൽകിയ ഹരജിയിൽ ആണ് ഹൈക്കോടതി നടപടി. അഡ്വ ജഹാംഗീര്‍ റസാഖ് പാലേരിയാണ് വീണക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ വിശദീകരണം നൽകാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നല്‍കി.
മാര്‍ച്ച് 31 നാണ് കേസിന് കാരണമായ ഫേസ്ബുക്ക് പോസ്റ്റ് വീണ പോസ്റ്റ് ചെയ്തത്. കൊറോണയുടെ കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി സമയത്തും നാം മുന്നോട്ട് എന്ന പ്രതിവാര ടെലിവിഷന്‍ പരിപാടിയുടെ സ്ലോട്ടില്‍ മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താസമ്മേളനങ്ങളുടെ വീഡിയോ സംപ്രേഷണം ചെയ്യുന്ന പി.ആര്‍ പ്രവൃത്തി ധൂര്‍ത്താണെന്നാണ് പോസ്റ്റില്‍ പരാമര്‍ശിച്ചത്. നാം മുന്നോട്ട് എപ്പിസോഡ് ഇല്ലെങ്കില്‍ ആ ആഴ്ച അത് ഒഴിവാക്കുകയെന്നതാണ് ഉചിതം. അങ്ങനെയെങ്കില്‍ ലക്ഷങ്ങള്‍ സര്‍ക്കാരിന് ലാഭിക്കാനാകും. അതിനുപകരം റെക്കോര്‍ഡ് ചെയ്ത വാര്‍ത്താസമ്മേളനങ്ങള്‍ തന്നെ ഉള്‍പ്പെടുത്തുന്നത് ശരിയല്ലെന്നാണ് വീണ പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയത്.