മലപ്പുറം: ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിഷമത്തില്‍ ജീവനൊടുക്കിയ ദേവികയുടെ അച്ഛന് ലൈഫ് ഭവന പദ്ധതിയില്‍ ഇത്തവണയും വീടില്ല. പട്ടിക ജാതിക്കാര്‍ക്കുള്ള പുതിയ പട്ടികയിലും അച്ഛൻ ബാലകൃഷ്ണൻ പുറത്തായി. ഇത്തവണ വീടു കിട്ടുെമന്ന പ്രതീക്ഷയിലായിരുന്നു ബാലകൃഷ്ണൻ. ഇത് മൂന്നാം തവണയാണ് ബാലകൃഷ്ണൻ പട്ടികയിൽ നിന്ന് പുറത്താവുന്നത്.
കൂലിപ്പണിയില്‍ നിന്ന് മിച്ചം പിടിച്ച് ഏഴ് സെന്‍റ് സ്ഥലം വാങ്ങിയിട്ടുണ്ട് ദേവികയുടെ അച്ഛൻ ബാലകൃഷ്ണൻ. ഇവിടെ ഒരു വീട് നിര്‍മ്മിക്കാൻ വര്‍ഷങ്ങളായി സഹായം തേടി പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുകയാണ് ഈ പാവം. ഭാര്യക്കും മക്കൾക്കുമൊപ്പം ഭാര്യയുടെ വീട്ടിലാണ് ഇപ്പോള്‍ താമസം. അടിസ്ഥാന സൗകര്യങ്ങള്‍പോലുമില്ലാത്ത ഈ ഒറ്റമുറി വീട്ടില്‍ ഭാര്യയുടെ അമ്മ അടക്കമുള്ളവരും താമസിക്കുന്നുണ്ട്. അപേക്ഷ രണ്ട് തവണ പരിഗണിക്കാതെ പോയങ്കിലും ഇത്തവണ വീട് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ബാലകൃഷ്ണൻ.
എന്നാല്‍ ബാലകൃഷ്ണന്‍റെ വീടിന്‍റെ കാര്യത്തില്‍ കൈമലര്‍ത്തുകയാണ് ഇരുമ്പിളിയം ഗ്രാമ പഞ്ചായത്ത്. “സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണ് കാരണം. ബാലകൃഷ്ണന്റെയും കുടുംബത്തിന്റെയും അവസ്ഥ ഒരുദാഹരണം മാത്രമാണ്. ആളുകളിലേക്ക് ഇറങ്ങിച്ചെന്നാൽ, ഒരുപാട് പേരുണ്ട് അർഹതയുണ്ടായിട്ടും വീട് ലഭിക്കാത്തവർ. ഇരുമ്പിളിയം പഞ്ചായത്തിലും ബ്ലോക്കിലും സംസ്ഥാനത്തൊട്ടാകെയുമുണ്ട്.”- പഞ്ചായത്ത് പ്രസിഡന്റ് റെജുല പറയുന്നു.
വീടെന്ന സ്വപ്നം ബാക്കിയാവുമ്പോഴും ഈ സ്ഥലത്താണ് ദേവികയുടെ അന്ത്യവിശ്രമം. അതേസമയം,ദേവികയുടെ മരണത്തിൽ പ്രത്യേകസംഘം
ഇന്ന് ബന്ധുക്കളുടെ മൊഴിയെടുക്കും.