കൊച്ചി: അനധികൃത മദ്യം കണ്ടെത്തിയിട്ടും കേസെടുക്കാത്ത പൊലീസുകാര്‍ക്കെതിരെ നടപടി. കൊച്ചിയിൽ എസ്ഐ അടക്കം നാല് പൊലീസുകാർക്കെതിരെയാണ് നടപടി വന്നിരിക്കുന്നത്. ഉദയംപേരൂർ എസ്ഐ ബാബു സിവിൽ പൊലീസ് ഉദ്യോഗസ്ഥർ ആയ സന്തോഷ്, രാജേഷ് ടിറ്റോ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. നേരത്തെ, കൊച്ചിയില്‍ തന്നെ പൊലീസുകാരുടെ നേതൃത്വത്തില്‍ വ്യാജമദ്യ വില്‍പ്പന നടത്തിയ സംഭവം ഏറെ വിവാദമായിരുന്നു.
കഴിഞ്ഞ മാസം ഏഴിനാണ് സംഭവം. തൃപ്പൂണിത്തുറ എ ആർ ക്യാമ്പിലെ പൊലീസുകാരായ മൂവാറ്റുപുഴ സ്വദേശി ബെയ്സിൽ ജോസ്, തോപ്പുംപടി സ്വദേശി ടിബിൻ ദിലീപ്, സുഹൃത്ത് വിഗ്നേഷ് എന്നിവർ ചേർന്നാണ് വ്യാജമദ്യ വിൽപ്പന നടത്തിയിരുന്നത്. ഇവരിൽ ടിബിനും വിഗ്നേഷും നേരത്തെ അറസ്റ്റിലായിരുന്നു.
ഒളിവിൽ കഴിഞ്ഞിരുന്ന ബേസിൽ ജോസിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും നിർദ്ദേശിച്ചു. ഇതേ തുടർന്ന് മട്ടാഞ്ചേരി എക്സൈസ് സിഐ ഓഫീസിലെത്തി ബേസില്‍ കീഴടങ്ങിയിരുന്നു.
തോപ്പുംപടി കേന്ദ്രീകരിച്ച് ഇവരുടെ സംഘം വ്യാജമദ്യം വില്‍ക്കുന്നതായി വിവരം ലംഭിച്ച എക്സൈസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. വിഗ്നേഷിന്‍റെ തോപ്പുംപടിയിലെ വീട്ടിലായിരുന്നു മദ്യവില്‍പ്പന. 14 ലിറ്റര്‍ മദ്യം ഇവരില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഒരു ലിറ്റര്‍ മദ്യം 3500 രൂപക്കായിരുന്നു ഇവര്‍ വിറ്റിരുന്നത്.