തിരുവനന്തപുരം: കൊറോണ ബാധിച്ച് തിരുവനന്തപുരത്ത് മരിച്ച ഫാ. കെ.ജി വർഗീസിന്റെ മൃതദേഹം സംസ്‌കരിച്ചു. സ്ത്രീകളടക്കമുള്ള പ്രദേശവാസികൾ ഇന്നും പ്രതിഷേധവുമായെത്തി. മൃതദേഹം ദഹിപ്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. കുടിവെള്ള പ്രശ്‌നമുണ്ടെന്നും മണ്ണെടുത്തുള്ള സംസ്‌കാരം കിണറുകളിൽ മലിന്യമെത്തിക്കുമെന്നും പ്രതിഷേധക്കാർ ആരോപിച്ചു. കുമാരപുരം സെന്റ് തോമസ് പള്ളിയുടെ മലമുകളിലെ സെമിത്തേരിയിലാണ് സംസ്‌കാരം നടന്നത്.
എന്നാൽ പ്രതിഷേധക്കാരുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും മൃതദേഹം തീരുമാനിച്ച സ്ഥലത്ത് തന്നെ സംസ്‌കരിക്കുമെന്നും സ്ഥലം എംഎൽഎ വി.കെ.പ്രശാന്തും, മേയർ കെ.ശ്രീകുമാറും വ്യക്തമാക്കി.
മൃതദേഹം എത്തിക്കുന്നതിന് മുമ്പ്ഓർത്തഡോക്‌സ് സഭയുടെ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പൊലീത്ത ഗബ്രിയേൽ മാർ ഗ്രിഗോറിയസിന്റെ നേതൃത്വത്തിൽ വൈദികർ കുഴിത്തലയ്ക്കൽ മതാചാര പ്രകാരമുള്ള അന്ത്യകർമങ്ങൾ നടത്തി.