കോഴിക്കോട്: പുറമേരിയില്‍ കൊറോണ രോഗിയുടെ മത്സ്യ വില്‍പ്പന കേന്ദ്രം അടിച്ചു തകര്‍ത്തു. ഇന്നലെ അര്‍ധരാത്രിയില്‍ പുറമേരി വെള്ളൂര്‍ റോഡിലുള്ള കടയാണ് അടിച്ചു തകര്‍ത്തത്. കടയിലെ മത്സ്യം വില്‍ക്കുന്ന സ്റ്റാന്റും ഷട്ടറും തകര്‍ത്തിട്ടുണ്ട്.
സംഭവുമായി ബന്ധപ്പെട്ട് നാദാപുരം പോലീസ് കേസെടുത്തു. വ്യാപാരിക്കു രോഗം സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന പിതാവ് ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലാണ്. അതുകൊണ്ടു തന്നെ ഇവരുടെ മൊഴിടെുക്കാന്‍ കഴിഞ്ഞിട്ടില്ല.
മത്സ്യ വ്യാപാരിക്ക് കൊറോണ പോസിറ്റീവ് ആയതോടെ നാദാപുരം, പുറമേരി, കുന്നുമ്മല്‍, കുറ്റിയാടി എന്നീ പഞ്ചായത്തുകള്‍ കണ്ടെന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ മത്സ്യ മാര്‍ക്കറ്റുകള്‍ അടക്കുകയും വ്യാപാരികളോട് നിരീക്ഷണത്തില്‍ പോകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇയാളുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരുടെ രണ്ടു ഘട്ടത്തില്‍ വന്ന പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. ഇനി 85 പേരുടെ ഫലങ്ങള്‍ കൂടി വരേണ്ടതുണ്ട്. പരിശോധനാ ഫലം നെഗറ്റീവ് ആയവരോടും 14 ദിവസത്തേക്ക് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.