സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്; സമരം ചെയ്ത യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസ്

കൊച്ചി: സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട എറണാകുളത്തെ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പില്‍ സര്‍ക്കാരിനെതിരെ സമരം ചെയ്ത യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസ്. ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച് സമരം ചെയ്തതിനാണ് കേസ് എടുത്തത്. സാമൂഹിക അകലം പാലിച്ചില്ല എന്നതാണ് കേസിന് ആധാരം.

കലക്ടറേറ്റ് ജീവനക്കാരന്റെ നേതൃത്വത്തില്‍ പ്രളയ ഫണ്ടില്‍ നിന്ന് 27 ലക്ഷം രൂപ തട്ടിയെടുത്തു എന്നതാണ് വിവാദമായ സംഭവം. ഇതിന് പുറമേ ദുരിതാശ്വാസ നിധിയില്‍ നിന്ന് 73 ലക്ഷം രൂപ കാണാനില്ലെന്ന എഡിഎമ്മിന്റെ പരാതിയിലും പുതിയ കേസ് എടുത്ത് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിനെതിരെ യുഡിഎഫ് സമരവുമായി രംഗത്തുവന്നത്. ഇത് ലോക്ക്ഡൗണ്‍ ചട്ട ലംഘനമാണ് എന്ന് കാണിച്ചാണ് ബെന്നി ബഹ്‌നാന്‍, പി ടി തോമസ്, ടി ജെ വിനോദ്, റോജി ജോണ്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. കോറോണ വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായുളള സാമൂഹിക അകലം പാലിച്ചില്ല എന്നതാണ് കേസിന് ആധാരം.

കലക്ടറേറ്റ് കേന്ദ്രീകരിച്ചുള്ള പ്രളയ ഫണ്ട് തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണ് 73 ലക്ഷം രൂപയുമായി ബന്ധപ്പെട്ടത്. കലക്ടറേറ്റ് ജീവനക്കാരന്റെ നേതൃത്വത്തിലുള്ള 27 ലക്ഷം രൂപയുടെ പ്രളയ ഫണ്ട് തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ ജില്ലാ കലക്ടര്‍ ആഭ്യന്തര പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ അന്വേഷണത്തിലാണ് ദുരിതാശ്വാസ വിഭാഗത്തില്‍ നിന്ന് പണം നേരിട്ട് തട്ടിയെടുത്തെന്ന പുതിയ കണ്ടെത്തല്‍ ഉണ്ടാകുന്നത്. കലക്ടര്‍റുടെ നിദ്ദേശപ്രകാരമാണ് എഡിഎം ക്രൈം ബ്രാഞ്ചിന് രണ്ടാമത്തെ പരാതി നല്‍കിയത്.