9000 കോടിയുടെ ബാങ്ക് തട്ടിപ്പ്; വ്യവസായി വിജയ്മല്യയെ ഇന്ന് ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തിക്കും

ന്യൂഡെൽഹി: ബാങ്ക് തട്ടിപ്പുകേസില്‍ പ്രതിയായ വ്യവസായി വിജയ് മല്യയെ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തിച്ചേക്കും. ബ്രിട്ടനും ഇന്ത്യയും തമ്മില്‍ ഇതിനായുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായിയാണ് സൂചന. ഇന്ന് രാത്രിയോടെ വിജയ് മല്യ ഇന്ത്യയിലെത്തുമെന്നാണ് വിവരം. വിജയ് മല്യയെ ആർതർ റോഡ് ജയിലിൽ എത്തിക്കുമെന്നാണ് സൂചന. ഇന്ത്യയിലേക്ക് അയക്കരുതെന്ന മല്യയുടെ അവസാന ഹര്‍ജിയും യു.കെ കോടതി തള്ളിയിരുന്നു.

ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപയുടെ വായ്‍പയെുടുത്ത് വഞ്ചിച്ചാണ് മല്യ ബ്രിട്ടണിലേക്ക് മുങ്ങിയത്.
2017-ലാണ് വിജയ് മല്യയെ വിട്ടുനല്‍കണമെന്ന് ഇന്ത്യ ഔദ്യോഗികമായി ബ്രിട്ടനോട് ആവശ്യപ്പെട്ടത്. തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകള്‍ വിജയ് മല്യക്കെതിരെ ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്.

സി.ബി.ഐ.യുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും (ഇ.ഡി.) ഉദ്യോഗസ്ഥർ ലണ്ടനിൽനിന്ന് മല്യയെ അനുഗമിക്കും. മുംബൈ വിമാനത്താവളത്തിലെത്തിക്കുന്ന അദ്ദേഹത്തെ ഡോക്ടർമാരുടെ സംഘം പരിശോധിക്കും. പിന്നീട് കോടതിൽ ഹാജരാക്കുന്ന മല്യയെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐയും ഇഡിയും ആവശ്യപ്പെട്ടേക്കും.മല്യയെ ഇന്ത്യക്കു കൈമാറാൻ മേയ് 14-ന് ബ്രിട്ടനിലെ ഉന്നതകോടതി ഉത്തരവിട്ടിരുന്നു.

2018ൽ മല്യയുടെ ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ഇന്ത്യക്ക് കൈമാറിയാൽ ഏത് ജയിലിലാണ് പാർപ്പിക്കുകയെന്ന് യുകെയിലെ കോടതി ആരാഞ്ഞിരുന്നു. മുംബൈയിലെ ആർതർ റോഡ് ജയിലിലെ അതീവ സുരക്ഷയുള്ള ബാരക്കുകളിലൊന്നിലെ രണ്ട് നില കെട്ടിടത്തിലാണ് മല്യയെ പാർപ്പിക്കുകയെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു.