പടക്കം നിറച്ച കൈതച്ചക്ക കഴിച്ച് ഗർഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം; കുറ്റക്കാർക്കെതിരെ നടപടിയെന്ന് കേന്ദ്രമന്ത്രി

ന്യൂഡെൽഹി: പടക്കം നിറച്ച കൈതച്ചക്ക കഴിച്ച് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വായും നാവും തകർന്ന് ഗർഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തെ സംഭവത്തെ കേന്ദ്രസർക്കാർ ഗൗരവമായി കാണുന്നുവെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ. സംഭവത്തിൽ ഉടനടി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സ്ഫോടകവസ്തു നൽകി കൊലപ്പെടുത്തുന്നത് ഇന്ത്യൻ സംസ്കാരമല്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു.

പടക്കം നിറച്ച കൈതച്ചക്ക കഴിച്ചാണ് കാട്ടാന ചരിഞ്ഞത്. വനാതിര്‍ത്തിയില്‍ ആരോ കാട്ടുപന്നിക്ക് കെണിയായി വെച്ച സ്‌ഫോടകവസ്തു നിറച്ച പൈനാപ്പിള്‍ ആന ഭക്ഷിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വനംവകുപ്പ് ജീവനക്കാരനായ മോഹന്‍ കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

വായിൽ ഇരുന്നു പടക്കം പൊട്ടിയപ്പോൾ ആന കുറെ നേരം വെള്ളത്തിൽ തലയിൽ താഴ്ത്തി നിൽക്കുകയായിരുന്നു ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് 15 വയസോളം പ്രായമുള്ള ആന ഗര്‍ഭിണിയാണെന്ന് മനസ്സിലായത്. 

ആന ചരിഞ്ഞ സംഭവ സ്ഥലത്തെ കുറിച്ച് വ്യക്തതക്കുറവ് നിലനിൽക്കുന്നുണ്ട്. മലപ്പുറത്താണ് സംഭവം നടന്നത് എന്നാണ് പ്രകാശ് ജാവദേക്കറും പരാമർശിച്ചിരിക്കുന്നത്. സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിനായി കോഴിക്കോട് നിന്നുള്ള വൈല്‍ഡ് ലൈഫ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ സംഭവസ്ഥലത്തേക്ക് അയച്ചതായും അദേഹം പറഞ്ഞു.