ന്യൂഡെൽഹി: ഡെൽഹി എയിംസിലെ 480 ആരോഗ്യപ്രവർത്തകരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ആരോഗ്യപ്രവർത്തകരിൽ മൂന്നുപേർ കൊറോണ ബാധയെ തുടർന്ന് മരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരിൽ 19 ഡോക്ടർമാരും 38 നഴ്സുമാരും ഉൾപ്പെട്ടിട്ടുണ്ട്. ഡോക്ടേഴ്സിൽ രണ്ട് പേര് ഫാക്കൽറ്റി അംഗങ്ങളാണ്. 74 സുരക്ഷാ ജീവനക്കാർ, 75 ഹോസ്പിറ്റൽ അറ്റൻഡേഴ്സ്, 54 ശുചീകരണ തൊഴിലാളികൾ, 14 ലാബ് ടെക്നീഷൻ എന്നിവരിലാണ് രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
തൊഴിൽരംഗത്ത് സുരക്ഷ ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നഴ്സസ് യൂണിയൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നിലവാരമില്ലാത്ത പിപിഇ കിറ്റുകളാണ് നൽകുന്നതെന്നാണ് ഇവരുടെ പരാതി. വൈറസ് ബാധിച്ച് മെസ് ജീവനക്കാരനും മരിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നതിലെ അനാസ്ഥയാണ് രോഗബാധ ഗുരുതരമാകാൻ കാരണമെന്നാണ് ഡോക്ടർമാരുടെ ആരോപണം. എയിംസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹവുമായി സമ്പർക്കം പുലർത്തിയ ഉദ്യോഗസ്ഥരെ എല്ലാം ക്വാറന്റൈനിലാക്കിയിരുന്നു. രാജ്യത്തെ ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധിതർ ഉള്ള പ്രദേശങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഡെൽഹി.