വണ്ടൂർ: ലോക്ക്ഡൗൺ നിയന്ത്രണമില്ലാതെ അലവിക്ക് ഭാഗ്യദേവതയുടെ 80 ലക്ഷത്തിൻ്റെ കടാക്ഷം. കഴിഞ്ഞ ദിവസം നടന്ന പൗർണമി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെയാണ് ലോട്ടറി വിൽപ്പനക്കാരനായ അലവിക്ക് 80 ലക്ഷം സ്വന്തമായത്. മലപ്പുറം പള്ളിക്കുന്ന് പാലത്തിങ്ങൽ സ്വദേശിയാണ് അലവി. ലോക്ക്ഡൗണിനെ തുടർന്ന് ബാക്കിയായ ലോട്ടറി ടിക്കറ്റിലൂടെയാണ് 80 ലക്ഷം ഇദ്ദേഹത്തിന് സ്വന്തമായത്.
മാർച്ച് 22ന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പാണ് ഇന്നലെ നടന്നത്. ആർഎൽ 687704 എന്ന നമ്പറിലൂടെ ഈ അറുപതുകാരനെ ഭാഗ്യം തേടി എത്തുകയായിരുന്നു. വില്പന നടത്തിയതിന് ശേഷം ആകെ 18 ടിക്കറ്റുകൾ അവശേഷിച്ചു. ഇതിൽ ഒരു ടിക്കറ്റാണ് അലവിക്ക് ഭാഗ്യം കൊണ്ടുവന്നത്.
ഭാര്യയും നാല് മക്കളും അടങ്ങുന്നതാണ് അലവിയുടെ കുടുംബം. വണ്ടൂരിലെ റോയൽ ഏജൻസിയിൽനിന്നും പോരൂർ കോട്ടക്കുന്നിലെ ഏജന്റ് മുഹമ്മദലി വഴിയുമാണ് അലവി വിൽപ്പനക്കായി 110 ടിക്കറ്റുകൾ വാങ്ങിത്.