ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് ഹൈബി ഈഡൻ എംപിയുടെ ടാബ്‌ലറ്റ് ചലഞ്ച്

കൊച്ചി: ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് സഹായവുമായി ഹൈബി ഈഡൻ എംപിയുടെ ടാബ്‌ലറ്റ് ചലഞ്ച്. ഓൺലൈൻ വിദ്യാഭ്യാസം അനിവാര്യമായ സാഹചര്യത്തിൽ സ്വന്തം ശമ്പളത്തിൽ നിന്ന് ടാബ്ലറ്റ് വാങ്ങി സർക്കാർ സ്കൂളിലെ കുട്ടികൾക്ക് നൽകി ഹൈബി ചലഞ്ചിന് തുടക്കമിട്ടു. ഇതിനുപിന്നാലെ സിനിമാ സംവിധായകൻ അരുൺ ഗോപി അടക്കം സഹായവുമായി രംഗത്തു വന്നു.

“ടി വിയും മൊബൈൽ ഫോണും ഇല്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ സത്യത്തിൽ കുറവായിരിക്കും.. എന്നാലും ഉണ്ട് താനും. ഒരു ചെറിയ പദ്ധതിയെ ക്കുറിച്ച് ആലോചിക്കുകയാണ്.. എന്റെ ഒരു മാസത്തെ ശമ്പളം ഉപയോഗിച്ച് എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ ഒരു സർക്കാർ വിദ്യാലയത്തിലെ, വീട്ടിൽ ഓൺലൈൻ ക്ളാസിനുള്ള സൗകര്യം ഇല്ലാത്ത പത്താം ക്ലാസിൽ പഠിക്കുന്ന 10 വിദ്യാർഥികൾക്ക് ടാബ്ലറ്റുകൾ വാങ്ങി നൽകുന്നു. സ്‌കൂളിലേക്കായിരിക്കും വാങ്ങി നൽകുക. അദ്ധ്യാപകർക്ക് അത് അർഹരായവർക്ക് നൽകാം”, ഹൈബി ഫേസ്ബുക്കിൽ കുറിച്ചു.

പദ്ധതി സമൂഹ മാധ്യമങ്ങളിലൂടെ വൈറലായതോടെയാണ് സ്വന്തം നാട്ടിലെ അർഹരായ അഞ്ച് കുട്ടികൾക്ക് ടാബ്‌ലറ്റുകൾ വാങ്ങി നൽ‌കാൻ സന്നദ്ധത പ്രകടിപ്പിച്ച് അരുൺ ഗോപി രംഗത്തെത്തി. “ഓൺലൈൻ ക്ലാസുകൾ എന്ന ആശയം അഭിനന്ദനാർഹമാണ് സംശയമില്ല…!! പക്ഷെ ഈ അദ്ധ്യയനവർഷം ഓൺലൈൻ വഴി തുടങ്ങുന്നു എന്ന് കേട്ടപ്പോൾ മുതൽ മനസ്സിലൊരു സങ്കടമുണ്ടായിരുന്നു… ഇതൊന്നും എത്തിപ്പിടിക്കാൻ പറ്റാത്ത ഇതൊന്നും കേട്ടുപോലും പരിചിതമില്ലാത്ത എത്രയോ കുട്ടികൾ കുടുംബങ്ങൾ ഈ നാട്ടിലുണ്ടെന്നു..!! എന്റെ ഗ്രാമമായ ഇടവയിൽ ഭൂരിപക്ഷം കുട്ടികൾക്കും ഈ ഓൺലൈൻ സാധ്യതകൾ ഒരു പക്ഷെ അന്യമായിരിക്കും എന്നെനിക്കുറപ്പാണ്.. അവരെ ഓർത്തു മനസ്സ് വിഷമിച്ചിരുന്നു..!! നമ്മുക്കൊപ്പം സർക്കാരുണ്ട് ശെരിയാണ് പക്ഷെ അവിടെയും ചില പരിമിതികളുണ്ടല്ലോ… അതിനെ മറികടക്കാൻ നമ്മൾ തന്നെ ഇറങ്ങണം… എറണാകുളത്തിന്റെ പ്രിയ എംപി സുഹൃത്തായ ഹൈബിയുടെ ഈ ആശയം അഭിനന്ദനാർഹമാണ്… തീർച്ചയായും ഞാനുമിതു ഏറ്റെടുക്കുന്നു. എന്റെ നാട്ടിലെ അർഹരായ അഞ്ച് കുട്ടികൾക്ക് ടാബ് വാങ്ങി നല്കാൻ ഞാനുമുണ്ട്..!!”, അരുൺ ​ഗോപി അറിയിച്ചു.

പൊതുജന സഹകരണത്തോടെ സർക്കാർ വിദ്യാലയങ്ങളിലാണു പദ്ധതി നടപ്പാക്കുക. ചാലഞ്ചിന്റെ ഭാഗമായി ശേഖരിക്കുന്ന ടാബ്‌ലറ്റുകൾ, സ്മാർട് ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവ എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ സർക്കാർ സ്‌കൂൾ മേലധികാരികളെ ഏൽപിക്കും. അർഹരായവർക്ക് സ്‌കൂളുകളാണ് അവ വിതരണം ചെയ്യുക. പദ്ധതിയുടെ ഭാഗമായി ഒരു ടാബ്‌ലറ്റ് ബാങ്ക് പെന്റാ മേനകയിൽ സ്ഥാപിക്കും.