കൊച്ചി: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ സംഭവത്തില്‍ സർക്കാർ അഭിഭാഷകന് കാരണം കാണിക്കൽ നോട്ടീസ്. ആലപ്പുഴ തുറവൂര്‍ സ്വദേശിനിയായ പെൺകുട്ടിയെ വാൽപ്പാറയിൽ വച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഫര്‍ ഷായ്ക്കാണ് കഴിഞ്ഞ മാസം 30ന് ജാമ്യം ലഭിച്ചത്. കുറ്റപത്രം നൽകിയില്ലെന്ന പ്രതിഭാഗം വാദത്തെ പ്രോസിക്യൂഷനും പിന്തുണച്ചതാണ് ജാമ്യം ലഭിക്കാൻ കാരണമായത്.
പ്രതിക്ക് ജാമ്യം കിട്ടയതോടെ സർക്കാർ അഭിഭാഷകൻ പ്രതിഭാഗവുമായി ഒത്തു കളിച്ചെന്നു ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ അഭിഭാഷകനായ സികെ പ്രസാദിന് അഡ്വക്കേറ്റ് ജനറൽ നോട്ടീസ് അയച്ചത്. ജൂണ്‍ എട്ടാം തീയതിക്കകം മറുപടി നല്‍കണമെന്ന് അഡ്വക്കേറ്റ് ജനറല്‍ നോട്ടീസില്‍ വ്യക്തമാക്കി. മരടിൽ താമസിക്കുന്ന തുറവൂർ സ്വദേശിനിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ജനുവരി എട്ടിനാണ് പനങ്ങാട് സ്വദേശി സഫർ ഷാ അറസ്റ്റിലായത്. കേസ് അന്വേഷിച്ച എറണാകുളം സെൻട്രൽ സിഐ ഏപ്രിൽ 1 ന് വിചാരണ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും കോടതി സ്വീകരിക്കുകയും ചെയ്തു.
83 ആം ദിവസം കുറ്റപത്രം നൽകിയതിനാൽ പ്രതിയ്ക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടായിരുന്നില്ല. എന്നാൽ ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകിയ സഫർ ഷായുടെ അഭിഭാഷകൻ 90 ദിവസമായിട്ടും കുറ്റപത്രം നൽകിയിട്ടില്ലെന്നും ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും കോടതിയെ അറയിച്ചു. പ്രതിയുടെ കള്ള വാദം അംഗീകരിക്കുകയായിരുന്നു സർക്കാർ അഭിഭാഷകൻ. ഇതോടെയാണ് സെക്ഷൻ 167 പ്രകാരം ഹൈക്കോടതി സഫർ ഷായ്ക്ക് ജാമ്യം ഉപാധികളോടെ അനുവദിച്ചത്.