തൃശൂർ: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് പോലീസിൻ്റെ സമയോചിത ഇടപെടൽ മൂലം ജീവൻ തിരികെ ലഭിച്ചു. തൃശൂരിലെ പൊങ്ങണംകാട്ടാണ് സംഭവം. വിയ്യൂർ പോലീസാണ് സമയോചിതമായി ഇടപെട്ട് യുവാവിന്റെ ജീവൻ രക്ഷിച്ചത്.
കണ്ണൂർ സ്വദേശിയായ ലോറി ഡ്രൈവറുടെ ആത്മഹത്യാ ശ്രമമാണ് പൊലീസ് വിഫലമാക്കിയത്. ലോറിയുടമയെ വിളിച്ചറിയിച്ച ശേഷം ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു യുവാവ് ശ്രമിച്ചത്. എന്നാൽ ഇക്കാര്യം ലോറിയുടമ ഒരു സുഹൃത്ത് വഴി വിയ്യൂർ പൊലീസിൽ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ പൊലീസ് സംഘം ആ സമയത്ത് സംഭവ സ്ഥലമായ പൊങ്ങണംകാടുള്ള പെയിന്റ് ഗോഡൗണിൽ നിന്ന് പത്ത് കിലോമീറ്റർ ദൂരെയുള്ള പാമ്പൂർ ഭാഗത്ത് പട്രോളിങ്ങിലായിരുന്നു. ഉടനെ ജീപ്പുമായി പൊങ്ങണംകാട്ട് എത്തിയപ്പോൾ ലോറിക്കുള്ളിൽ രക്തം വാർന്നു കിടക്കുന്ന യുവാവിനെയാണ് കണ്ടത്.
ഉടനെ ലോറിയുടെ ചില്ല് തകർത്ത് അകത്തു കടന്ന പൊലീസ് യുവാവിന്റെ കൈ മുണ്ട് ഉപയോഗിച്ച് കെട്ടി രക്തം വാർന്നു പോകുന്നത് തടഞ്ഞു. തുടർന്ന് പൊലീസ് ജീപ്പിൽ കയറ്റി ആശുപത്രിയിലെത്തിച്ചു. ഐസിയുവിൽ കഴിയുന്ന യുവാവ് അപകട നില തരണം ചെയ്തു.
ഒരു നിമിഷം വൈകിയിരുന്നുവെങ്കിൽ യുവാവിന് ജീവൻ നഷ്ടപ്പെടുമായിരുന്നുവെന്ന വിവരമാണ് ആശുപത്രി അധികൃതർ നൽകിയത്. എന്തായാലും ഒരു മനുഷ്യ ജീവൻ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് വിയ്യൂർ പൊലീസ്. എസ്ഐ വി പ്രദീപ്കുമാർ, എഎസ്ഐ ലെനിൻ, സിപിഒ ഷിനോജ്, ഹോം ഗാർഡ് തോമസ് എന്നിവരാണ് യുവാവിനെ രക്ഷപ്പെടുത്തിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.