മിനിയാപൊളീസ്: ജോർജ്ജ് ഫ്ലോയ്ഡിനെ മൃഗീയമായി കൊലപ്പെടുത്തിയ പോലീസുകാരൻ ഡെറിക് ചൗവ്വിന്റെ ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നൽകി. കൊലപാതകക്കുറ്റം ചുമത്തി ഡെറിക് ചൗവ്വിനെ കസ്റ്റഡിയിലെടുത്തതിന് തൊട്ടുപിന്നാലെയാണ് കെല്ലി ചൗവ്വിൻ വിവാഹമോചനത്തിന് അപേക്ഷ നൽകിയത്.
കഴിഞ്ഞ 10 വർഷമായി ഡെറിക് ചൗവ്വിന്റെ ഭാര്യയായ കെല്ലി എട്ട് പേജുള്ള വിവാഹമോചന ഹർജിയിൽ തന്റെ പേരിനോട് ചേർത്തിരിക്കുന്ന ചൗവ്വിൻ എന്നത് മാറ്റാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. വിവാഹമോചനം കാരണമാണ് പേര് മാറ്റമെന്ന് കെല്ലി അപേക്ഷയിൽ പറയുന്നു.
ഫ്ലോയിഡിന്റെ മരണത്തിൽ ആകെ തകർന്നുപോയി. അവരുടെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഈ ദുരന്തത്തിൽ ദുഖിക്കുന്ന എല്ലാവരോടും അങ്ങേയറ്റം സഹതാപം ഉണ്ട് വിവാഹമോചന ഹർജിയിൽ കെല്ലി പറയുന്നു.
2010 ജൂൺ 12 ന് മിനസോട്ടയിലെ വാഷിംഗ്ടൺ കൗണ്ടിയിലാണ് ഇരുവരും വിവാഹിതരായത്. ചൗവ്വിൻ്റെ അറസ്റ്റ് കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം മെയ് 28 നാണ് ദമ്പതികൾ വേർപിരിഞ്ഞത്. നിലവിലെ വിവാഹത്തിൽ കുട്ടികളില്ല. എന്നാൽ ഈ പ്രയാസകരമായ സമയത്ത് തൻ്റെ മക്കൾക്കും മാതാപിതാക്കൾക്കും അവളുടെ വിപുലമായ കുടുംബത്തിനും സുരക്ഷയും സ്വകാര്യതയും നൽകണമെന്നും കെല്ലി വിവാഹമോചന ഹർജിയിൽ അഭ്യർഥിച്ചു.
അതേ സമയം ജോർജ്ജ് ഫ്ലോയിഡിന്റെ രണ്ട് വ്യത്യസ്ത പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളിലും മരണം നരഹത്യയാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്.എന്നാൽ വിശദാംശങ്ങളിൽ വ്യത്യാസമുണ്ട്. ഒൻപത് മിനിറ്റോളം ഫ്ലോയിഡിന്റെ കഴുത്തിൽ മുട്ടുകുത്തി നിന്നാണ് ഡെറിക് ചൗവ്വിനെന്ന മനുഷ്യമൃഗം അതിക്രൂരമായി ജോർജ് ഫ്ലോയിഡിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.കൊലപാതകം, നരഹത്യ എന്നീ വകുപ്പുകൾ ചേർത്താണ് ചൗവ്വിനെ കസ്റ്റഡിയിലെടുത്തത്.