കേരളത്തിൽ ഓൺലൈൻ പഠനമാവാം; കേന്ദ്രത്തിൻ്റേത് പിന്തിരിപ്പൻ ഓൺലൈൻ വിദ്യാഭ്യാസ നയം; സിപിഎം പൊളിറ്റ് ബ്യുറോ

ന്യൂഡെൽഹി: ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ഓൺലൈൻ വഴിയുള്ള വിദ്യാഭ്യാസ രീതിയെ എതിർത്ത് സിപിഎം പൊളിറ്റ് ബ്യുറോ. കേരളത്തിൽ ഓൺ ലൈൻ പഠനവും നിയമനവും വരെ നടത്തുന്ന സിപിഎമ്മാണ് ഡിജിറ്റൽ പഠന രീതിക്ക് എതിരേ രംഗത്തുവന്നത്. ഡിജിറ്റൽ പഠന രീതിക്ക് പാർലമെന്റിന്റെ അംഗീകാരമില്ല. രാജ്യത്തിന്റെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നതാണിതെന്നും പിബി വിലയിരുത്തി.

ലോക്ക്ഡൗൺ ഉപയോഗിച്ച് കേന്ദ്ര സർക്കാർ പിന്തിരിപ്പൻ വിദ്യാഭ്യാസ നയം രാജ്യത്ത് നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും പിബിയിൽ അഭിപ്രായമുയർന്നു.

പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിനു പകരമാകരുത് ഡിജിറ്റൽ വിദ്യാഭ്യാസമെന്നും പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറഞ്ഞു. സാങ്കേതിക വിദ്യയുടെ പേരിൽ വിദ്യാർത്ഥികളിൽ വിഭജനം പാടില്ല. സാങ്കേതിക വിദ്യയ്ക്ക് പുറത്ത് നിൽക്കുന്നവരെ ഉൾക്കൊള്ളാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും പിബി വിലയിരുത്തി .