തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടിവിയോ ഇന്റര്‍നെറ്റ് സൗകര്യമോ ഇല്ലാത്ത 2, 61, 784 കുട്ടികളാണ് സംസ്ഥാനത്ത് ഉള്ളത്. വായനശാല, അയല്‍പക്കക്ലാസകുള്‍, പ്രാദേശിക പ്രതിഭാ കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളില്‍ സൗകര്യം ഒരുക്കും. കക്ഷിഭേദമില്ലാതെ എല്ലാ എംഎല്‍എമാരും പഠനസൗകര്യമൊരുക്കാന്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
41 ലക്ഷം കുട്ടികളാണ് 1 മുതല്‍ 12 വരെ ക്ലാസുകളിലായി പൊതു വിദ്യാലയങ്ങളിലുള്ളത്. പ്ലസ് വണ്‍ ഉള്‍പ്പെടാതെയുള്ള കണക്കാണിത്. കൊറോണ പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറക്കാനായില്ല. അതിനാല്‍ വിക്ടേഴ്‌സ് ചാനല്‍ വഴി പഠിപ്പിക്കാനായിരുന്നു തീരുമാനം. ഇതിനു വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ് നന്നായി ഇഷ്ടപ്പെട്ടു എന്നാണ് പ്രതികരണങ്ങളില്‍ നിന്നു മനസ്സിലാകുന്നത്.
ആദ്യത്തെ രണ്ടാഴ്ച ട്രയല്‍ ആണ്. അപ്പോഴേക്കും എല്ലാവര്‍ക്കും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും. സ്‌കൂള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ വിദ്യാര്‍ഥികളെ പഠനാന്തരീക്ഷത്തിലേക്ക് കൊണ്ടുവരുന്നതിനാണ് ഓണ്‍ലൈന്‍ ക്ലാസകള്‍. ഇതു മനസ്സിലാക്കാതെ ചിലര്‍ വിമര്‍ശിക്കുന്നു. ടിവിയോ മൊബൈലോ ഇല്ലാത്തിനാല്‍ ഒരു കുട്ടിക്കും ക്ലാസ് നഷ്ടപ്പെടില്ല. ക്ലാസ് പുനഃസംപ്രേഷണം ചെയ്യും. അവസാനത്തെ കുട്ടിക്കും ക്ലാസ് ലഭിക്കുക എന്നതാണു സര്‍ക്കാര്‍ നയം. നെറ്റ്‌വര്‍ക്ക് ഇല്ലാത്ത സ്ഥലങ്ങളില്‍ ഓഫ്‌ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും. വായനശാല പോലുള്ള സ്ഥലങ്ങളില്‍ പഠന സംവിധാനം ഒരുക്കും.
വിക്ടേഴ്സ് ചാനലിലൂടെ ക്ലാസ് എടുത്ത അധ്യാപികമാരെ അധിക്ഷേപിച്ചവർക്കെതിരെ കടുത്ത നടപടിയെടുക്കും. സംസ്ഥാനത്തു മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 2869 സംഭവങ്ങളുണ്ടായി. 24 ക്വാറന്റീൻ ലംഘനകേസ് രജിസ്റ്റർ ചെയ്തു. പാലക്കാട് ജില്ലയിൽ സ്ഫോടകവസ്തു കഴിച്ച് ആന ചെരിഞ്ഞ സംഭവത്തിൽ അന്വേഷം ആരംഭിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും.