ഓണ്‍ലൈന്‍ അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗിച്ചു ; പ്രചരിപ്പിച്ചവർക്ക് എതിരേ കേസ് രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: വിക്ടേഴ്സ് ചാനല്‍വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്ത അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്ത് സമൂഹമാധ്യങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ നൽകിയ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. അതേസമയം അധ്യാപകരെ സോഷ്യൽ മീഡിയ വഴി അപമാനിച്ച സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

അധ്യാപികമാരെ സമൂഹ്യമാധ്യമങ്ങളില്‍ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഫെയ്സ്ബുക്ക്, യു ട്യൂബ്, ഇന്‍സ്റ്റഗ്രാം, വാട്സ് ആപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ എ.ഡി.ജി.പി മനോജ് എബ്രഹാമിന് നല്‍കിയ പരാതിയിലാണ് നടപടി. അശ്ലീല ട്രോളുകളുടെ രൂപത്തിലടക്കം അധ്യാപകരെ അപമാനിച്ചാൽ കേസെടുക്കാനാണ് തീരുമാനം.

ലൈംഗിക ചുവയോടെയുള്ള ട്രോളുകളും പോസ്റ്ററുകളും കമന്റുകളും പ്രചരിപ്പിച്ചവർക്കെതിരെയാണ് കേസ്. അധ്യാപികമാരുടെ ചിത്രങ്ങൾ വരെ മോശമായ വിധത്തിൽ ഉപയോഗിക്കുകയും അറപ്പുളവാക്കുന്ന ഫേസ് ബുക്ക് അക്കൗണ്ടുകൾ ആരംഭിക്കുകയും ചെയ്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നു സംസ്ഥാന പോലീസ് മേധാവിയോടും യുവജന കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.