കൊല്ലം : അഞ്ചലില്‍ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണം ഒളിപ്പിച്ചതില്‍ പ്രതി സൂരജിന്റെ അമ്മ രേണുകയ്ക്കും പങ്കുണ്ടെന്ന് പ്രതിയുടെ അച്ഛന്‍ സുരേന്ദ്രന്‍ പൊലീസിനോട് സമ്മതിച്ചു. സ്വര്‍ണം കുഴിച്ചിട്ടത് രേണുകയുടെ അറിവോടെയാണെന്നും സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ പൊലീസിനോട് പറഞ്ഞു.
ഉത്രയുടെ കൊലപാതകത്തിലും സ്വര്‍ണം മാറ്റിയതിലും സൂരജിന്റെ കുടുംബത്തിന് ആകെ അറിവുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ സംശയം. ഇതിന്റെ അടിസ്ഥാനത്തില്‍ അമ്മ രേണുകയോടും സഹോദരിയോടും ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവരെയും അറസ്റ്റിലായ സൂരജിനും സുരേന്ദ്രനും ഒപ്പമിരുത്തിയും, വെവ്വേറെയും ചോദ്യം ചെയ്യും.
ഉത്രയുടെ 38 പവന്‍ സ്വര്‍ണാഭരണങ്ങള്‍ സൂരജിന്റെ വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ നിന്നും ഇന്നലെ കണ്ടെത്തിയിരുന്നു. ആഭരണങ്ങള്‍ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനാണ് സ്വര്‍ണം കാണിച്ചുകൊടുത്തത്. കേസില്‍ സുരേന്ദ്രനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഉത്രയുടെ സ്വര്‍ണ്ണത്തിന്റെ കണക്കെടുപ്പ് നടത്താനും പൊലീസ് തീരുമാനിച്ചു