കൊറോണക്കെതിരേ പോരാടുന്നതിനൊപ്പം ഇന്ത്യയുടെ വളർച്ചയും തിരിച്ചു പിടിക്കും: മോദി

ന്യൂഡെൽഹി: കൊറോണ വൈറസിനെതിരെ പോരാടുന്നതിനൊപ്പം രാജ്യത്തിന്റെ വളർച്ചയും തിരിച്ചു പിടിക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇന്‍ഡസ്ട്രിയുടെ (സിഐഐ) 125–ാം വാർഷികാഘോഷം വിഡിയോ കോണ്‍ഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ആത്മനിർഭർ ഭാരതിലൂടെ രാജ്യം കൂടുതൽ ശക്തിപ്രാപിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു ഇതിനായി അഞ്ച് നിർദേശങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചു. നിക്ഷേപം, അടിസ്ഥാന സൗകര്യം, വികസനം, നൂതനാശയങ്ങൾ, ദൃഢനിശ്ചയം എന്നിവയാണ് പ്രധാനമന്ത്രി മുൻപോട്ടു വെച്ച നിർദ്ദേശങ്ങൾ. കൊറോണ വൈറസ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ മന്ദീഭവിപ്പിച്ചിരിക്കാം, പക്ഷേ നമ്മുക്ക് അത് തിരിച്ചു പിടിക്കാൻ ആകും. അൺലോക്കിന്റെ ആദ്യഘട്ടത്തിൽ തന്നെ വളർച്ച തിരിച്ചുപിടിക്കുന്നത് ആരംഭിച്ചു കഴിഞ്ഞു എന്നും മോദി പറഞ്ഞു.

കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യം കൃത്യസമയത്താണ് ലോക്ക് ഡൗണിലേക്ക് പോയത്. ജീവൻ രക്ഷിക്കലാണ് പരമപ്രധാനമെന്നും ഒപ്പം കൊറോണയ്ക്കെതിരായ പോരാട്ടം മുന്നോട്ട് കൊണ്ടുപോകണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ലോകത്തിന് ഇപ്പോൾ ഇന്ത്യയിൽ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം ലോക്ക് ഡൗണിൽ നിന്നും പുറത്തേക്ക് കടക്കുന്ന പാതയിലാണ്. ജൂൺ എട്ടിന് ശേഷം ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ ഉണ്ടാകും.സ്വയം പ്രാപ്തമാകലാണ് രാജ്യത്തിന്റെ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.