കോഴിക്കോട്∙: ഓൺലൈൻ വഴി ഒന്നാം ക്ലാസിൽ ക്ലാസെടുത്ത് ഒരു ദിവസം കൊണ്ട് വൈറലായ ടീച്ചറാണ് സായി ശ്വേത. എന്നാൽ ടീച്ചറിന് ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല. ടീച്ചറുടെ തന്നെ ഒരുമാസം മുന്‍പുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഏപ്രിൽ 29 ന് ഫെയ്സ്ബുക്കിലിട്ട പോസ്റ്റിലാണ് തനിക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. പ്രൊഫൈൽ വൈറലായതിനിടെ സമൂഹമാധ്യമത്തില്‍ തന്നെയാണ് ഇക്കാര്യവും ചർച്ചാ വിഷയമായത്.
തനിക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്നും എന്നാൽ നൃത്തം പഠിപ്പിച്ച് തനിക്ക് ലഭിച്ച തുക മഹാമാരിക്കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നുവെന്നും ടീച്ചർ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ടീച്ചറെ സോഷ്യൽ മീഡിയയിൽ ട്രോളുന്നവർ ഇതുകൂടി അറിയണമെന്നും ടീച്ചറെ അഭിനന്ദിച്ചുവരുന്ന കമന്റുകളിൽ ആളുകൾ വ്യക്തമാക്കുന്നു.
ടീച്ചര്‍ ഏപ്രില്‍ 29ന് പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ: അഭിമാനത്തോടെ പറയട്ടെ, ഞാനും അധ്യാപികയാണ്. എയ്ഡഡ് സ്കൂളിൽ അംഗീകാരം കാത്തിരിക്കുന്നു. ശമ്പളം എന്നെങ്കിലും കിട്ടും എന്ന പ്രതീക്ഷയിൽ. എങ്കിലും ഈ മഹാമാരിയുടെ സാഹചര്യത്തിൽ ഞാൻ നൃത്തം പഠിപ്പിച്ചു സ്വരൂപിച്ച തുക ഞാനും സർക്കാരിലേക്കു നൽകുന്നു.. പൂർണ്ണമനസ്സോടെ.. സായി ശ്വേത ദിലീ.