കോട്ടയത്ത് ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സംഭവം; ജോസഫ് സിനിമ മോഡൽ കൊലയെന്ന് പോലീസ്; മോഷ്ടിച്ച കാറുമായി പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സംഭവം ജോസഫ് സിനിമ മോഡൽ കൊലയെന്ന് പോലീസ്. വീടുമായി അടുപ്പമുള്ള ആരോ ആണ് കൊലപാതകത്തിനു പിന്നിലെന്നാണ് അന്വേഷണത്തിൽ ലഭിച്ച പ്രാഥമിക വിവരം. അടുപ്പമുള്ളവർ അല്ലാതെ ആർക്കു മുന്നിലും ഇവർ വീടിന്റെ വാതിൽ തുറക്കാറില്ലായിരുന്നു. കൊലപാതകം നടത്തിയ പ്രതി കൂടുതൽ സമയം വീടിനുള്ളിൽ ചിലവഴിച്ചതായും സൂചന ലഭിച്ചിട്ടുണ്ട്. മോഷണം നടന്ന കാറുമായി പ്രതി താഴത്തങ്ങാടിയിലെ പ്രധാന റോഡിലേയ്ക്കു കയറുന്ന സി.സി.ടി.വി കാമറാ ദൃശ്യം സമീപത്തെ വീട്ടിൽ നിന്നും പൊലീസിനു ലഭിച്ചിട്ടുണ്ട്. കാർ കുമരകം വഴി വൈക്കം ഭാഗത്ത് എത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഷീബയുടെയും, സാലിയുടെയും മൊബൈൽ ഫോണുകൾ നഷ്ടമായതായും, ഷീബയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ കാണാതായതായും ബന്ധുക്കൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. വീട്ടിൽ നിന്നും മറ്റെന്തെങ്കിലും മോഷണം പോയിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. സ്വർണാഭരണങ്ങൾ കാണാതായതായി ബന്ധുക്കൾ പറഞ്ഞിട്ടുണ്ടെങ്കിലും ഇതിനുള്ള കൃത്യമായ തെളിവുകൾ ലഭിച്ചിട്ടില്ല..

ഇരുവരുടെയും തലയ്ക്കു മാരക ക്ഷതമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൊല്ലപ്പെട്ട ഷീബയുടെ തലയ്ക്കു ഭാരമേറിയ മൂർച്ചയില്ലാത്ത ആയുധം ഉപയോഗിച്ച് മാരകമായുള്ള അടിയേറ്റതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പുറമേ ചതഞ്ഞ്, തലയോട് പൊട്ടി ആന്തരിക രക്തസ്രാവം ഉണ്ടായതാണ് ഷീബയുടെ മരണത്തിനു കാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. സംഭവത്തിനു പിന്നിൽ മോഷണമാണ് ലക്ഷ്യമെന്നും, വീടുമായി അടുപ്പമുള്ളവരാണ് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു.

തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് പാറപ്പാടം ഷാനി മൻസിലിൽ മുഹമ്മദ് സാലി (65), ഷീബ (60) എന്നിവരെ വീടിനുള്ളിൽ ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു കൊണ്ടു പോകുന്നതിനിടെ ഷീബ മരിക്കുകയും ചെയ്തു. ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ക്രൂരതയുടെ ആഴം വ്യക്തമായത്. തലയ്ക്കു മാരകമായി അടിയേറ്റ് ഷീബയുടെ തലയോട് പൊട്ടിയിട്ടുണ്ട്. മൂക്കിലും വായിലും ചെവിയിലും രക്തം വാർന്നൊഴുകിയാണ് മരണം സംഭവിച്ചത്. സാലിയുടെ തലയ്ക്കും സമാന രീതിയിലുള്ള അടിയേറ്റിട്ടുണ്ട്. മൂക്കിന്റെ പാലവും തലയോടിനും പൊട്ടൽ സംഭവിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ ഒൻപതിനും പത്തിനും ഇടയിലാണ് കൊലപാതകം നടന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തിങ്കളാഴ്ച രാവിലെ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് പ്രതി കൊലപാതകം ചെയ്തെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. അടുക്കളയിൽ ചപ്പാത്തിയും, മുട്ടയും പാചകം ചെയ്തു വച്ചതായും കണ്ടെത്തിയിട്ടുണ്ട്. കൊച്ചി റേഞ്ച് ഐ.ജി ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.